അച്ഛന് വേണ്ടി വാദിച്ച് മകള്‍, ഇനി റിപ്പര്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റിപ്പര്‍ ജയാനന്ദന് പരോളനുവദിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയത് ഭാര്യയാണ്. അച്ഛന് പരോള്‍ ലഭിക്കാന്‍ അമ്മയുടെ അപേക്ഷയിന്മേല്‍ വാദിക്കാന്‍ ഹാജരായതാകട്ടെ മകള്‍ കീര്‍ത്തിയും. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് റിപ്പര്‍ ജയാനന്ദനെ. മാര്‍ച്ച് ഇരുപത്തിരണ്ടിനു നടക്കുന്ന മകളുടെ വിവാഹത്തില്‍ പിതാവിന്റെ സാന്നിധ്യം വേണമെന്നും അതിനായി പതിനഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കണമെന്നുമായിരുന്നു പരാതിക്കാരിയുടെ ആവശ്യം. എന്നാല്‍ ഇരട്ടക്കൊലപാതകമടക്കം വിവിധ കൊലക്കേസുകളില്‍ പ്രതിയായതിനാലും പല തവണ ജയില്‍ ചാടാന്‍ ശ്രമിച്ചിട്ടുള്ളയാളായതിനാലും പരാതിക്കാരിയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ അച്ഛന് വേണ്ടി ഹാജരായ മകള്‍ അഭിഭാഷകയല്ല, മകളായി കണ്ട് വാദം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു .

മകളുടെ വിവാഹം പോലൊരു ചടങ്ങില്‍ പിതാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നത് കണക്കിലെടുക്കുന്നു എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. തൃശ്ശൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പോലീസുകാരുടെ അകമ്പടിയോടെ പങ്കെടുക്കാനാണ് അനുമതി. വിവാഹത്തലേന്നും, വിവാഹ ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയും ചടങ്ങില്‍ പങ്കെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഒപ്പമുള്ള പോലീസുകാര്‍ യൂണിഫോമിലായിരിക്കരുതെന്നും സിവില്‍ വസ്ത്രം ധരിച്ചു വേണം ചടങ്ങില്‍ പങ്കെടുക്കാനെന്നും കോടതി നിഷ്‌കര്‍ഷിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ ജയാനന്ദനെ ജയിലില്‍ തിരിച്ചെത്തിക്കാമെന്ന് പരാതിക്കാരിയും മകളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു .

സിനിമാ ശൈലിയില്‍ കൊലപാതകവും മോഷണവും നടത്തി കുപ്രസിദ്ധനായ കുറ്റവാളിയാണ് ജയാനന്ദന്‍. ഒരു ഇരട്ടക്കൊലപാതമടക്കംഏഴു കൊലപാതകങ്ങളാണ് ജയാനന്ദന്‍ നടത്തിയിട്ടുള്ളത്. ആദ്യം വധശിക്ഷയ്ക്കു വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News