മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് വിട പറഞ്ഞ് സ്പാനിഷ് ഗോൾകെപ്പർ ഡേവിഡ് ഡി ഗിയ. യൂണൈറ്റഡുമായുള്ള പന്ത്രണ്ട് വർഷത്തോളമുള്ള നീണ്ട ബന്ധമാണ് താരം ഇന്നലെ രാത്രിയോടെ മുറിച്ചത്. ട്വിറ്ററിലൂടെയാണ് താരം തന്റെ വിടവാങ്ങൽ അറിയിച്ചത്.
ALSO READ: ഇത് ജോക്കോ വിജയം
‘കഴിഞ്ഞ 12 വർഷമായി നിങ്ങൾ എന്നോട് കാണിച്ച സ്നേഹത്തിന് നന്ദിയും കടപ്പാടുമുണ്ട്. സാർ അലക്സ് ഫെർഗൂസന്റെ കീഴിൽ ക്ലബ്ബിലേക്ക് വന്ന ശേഷം നമ്മൾ ഒരുമിച്ച് ഒരുപാട് നേട്ടങ്ങൾ നേടി. ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിൽ കളിയ്ക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇനി എനിക്ക് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സമയമായിരിക്കുകയാണ്. മാഞ്ചസ്റ്റർ ഇപ്പോഴും എന്റെ ഹൃദയത്തിൽ ഉണ്ടാകും, എന്നെ വിട്ട് പോകില്ല ഒരിക്കലും’; ട്വിറ്ററിൽ ഡി ഗിയ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.
യുണൈറ്റഡ് വിട്ട ഡി ഗിയ എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ക്രിസ്റ്റിയാനോയും കാന്റെയും അടക്കമുള്ളവർ ചേക്കേറിയ സൗദി പ്രോ ലീഗിലേക്കാണ് താരം പോകുന്നത് എന്ന തരത്തിലുള്ള വാർത്തകളുമുണ്ട്. 32കാരനായ ഡി ഗിയ 545 മത്സരങ്ങളിലാണ് യുണൈറ്റഡിന് വേണ്ടി വല കാത്തത്. ലീഗെ കിരീടവും യൂറോപ്പ ലീഗും അടക്കം നിരവധി നേട്ടങ്ങൾ താരത്തിന്റെ പേരിലുണ്ട്. യുണൈറ്റഡിന്റെ വിശ്വസ്ത ഗോൾകീപ്പറായിരുന്ന ഡി ഗിയയ്ക്കുതന്നെയാണ് ഏറ്റവും കൂടുതൽതവണ ഗോൾവല കാത്തതിന്റെയും ക്ലീൻ ഷീറ്റുകൾ നേടിയതിന്റെയും റെക്കോർഡ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here