ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനമായ ചൊവ്വാഴ്ച പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം. തിയേറ്ററുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ പ്രേക്ഷക പ്രീതിയുടെ നേര്‍ചിത്രമായി.
മേളയുടെ അഞ്ചാം നാള്‍ മികച്ച സിനിമകളുടെ ഒരു നിര തന്നെ പ്രദര്ശനത്തിനുണ്ടായിരുന്നു. എഡ്വേഡ് ബെര്‍ഗെര്‍ സംവിധാനം ചെയ്ത് റാല്‍ഫ് ഫൈന്‍സ്, സ്റ്റാന്‍ലി ട്യൂച്ചി, കാര്‍ലോസ് ദിയസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കോണ്‍ക്ലേവ് എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമായിരുന്നു ഏരീസ്‌പ്ലെക്‌സില്‍ നടന്നത്. രഹസ്യാത്മകതയും നിഗൂഢതയും നിറഞ്ഞ, മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥാതന്തു മികച്ച സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. 2016ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലര്‍ പുസ്തകമായ കോണ്‍ക്ലേവിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും മികച്ച ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ശബ്ദവും ചിത്രത്തിന്റെ പ്രദര്‍ശനത്തിന് വമ്പിച്ച ആള്‍ക്കൂട്ടം സൃഷ്ടിച്ചു.
ഫെമിനിച്ചി ഫാത്തിമ, പാത്ത്, കാമദേവന്‍ നക്ഷത്രം കണ്ടു, റിതം ഓഫ് ദമ്മാം മുതലായ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടിയത്.
ഭാസ്‌കരന്‍ മാഷിന്റെ നൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്‍ന്ന് മലയാള സിനിമാചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ‘നീലക്കുയില്‍’ പ്രദര്‍ശിപ്പിച്ചു. നീലക്കുയിലിലെ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആദരിച്ചു. മികച്ച പ്രേക്ഷകപിന്തുണയാണ് നീലക്കുയിലിന്റെ പ്രദര്‍ശനത്തിനു ലഭിച്ചത്.
നിള തിയേറ്ററില്‍ കുമാര്‍ സാഹ്നിയുടെ വിഖ്യാതമായ തരംഗ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടന്നു. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എം.ആര്‍. രാജന്റെ ‘റിമെംബെറിങ് കുമാര്‍ സാഹ്നി’ എന്ന പുസ്തക പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സയീദ് അക്തര്‍ മിര്‍സ, കുമാര്‍ സാഹ്നി അനുസ്മരണ പ്രഭാഷണം നടത്തി.
ചലച്ചിത്രപ്രദര്‍ശനം കൂടാതെ നിരവധി സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു മേളയുടെ അഞ്ചാം ദിനം. ഏറ്റവും അധികം ശ്രദ്ധയാര്‍ജിച്ച പരിപാടികളില്‍ ഒന്നായ മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചയില്‍ സംവിധായകരായ സുഭദ്ര മഹാജന്‍ (സെക്കന്‍ഡ് ചാന്‍സ് ), ആര്യന്‍ ചന്ദ്രപ്രകാശ് (ആജൂര്‍), അഫ്രാദ് വി.കെ. (റിപ്ടൈഡ്), മിഥുന്‍ മുരളി (കിസ്സ് വാഗണ്‍), കൃഷാന്ദ് (സംഘര്‍ഷഘടന ), പെഡ്രോ ഫ്രെയ്റി( മാലു ), നിര്‍മ്മാതാക്കളായ കരീന്‍ സിമോണ്‍യാന്‍ ( യാഷ ആന്‍ഡ് ലിയോനിഡ് ബ്രെഷ്നെവ് ), ഫ്ലോറന്‍ഷ്യ (ഓസിലേറ്റിങ് ഷാഡോ) എന്നിവര്‍ പങ്കെടുത്തു. മീര സാഹിബ് മോഡറേറ്ററായ പരിപാടിയില്‍ സംവിധായകന്‍ ബാലു കിരിയത്ത് നന്ദി പറഞ്ഞു. ചലച്ചിത്ര ഭാഷ്യങ്ങളുടെയും അവ നേരിടുന്ന വെല്ലുവിളികളുടെയും ആഴത്തിലുള്ള സംവാദ വേദിയായി മാറി ‘മീറ്റ് ദി ഡയറക്ടര്‍’ ചര്‍ച്ച.
ടാഗോര്‍ തീയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറം സ്ത്രീപ്രാതിനിധ്യത്തെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയ്ക്കുള്ള വേദിയായി. ചലച്ചിത്രനിരൂപക ശ്രീദേവി പി അരവിന്ദ് മോഡറേറ്റര്‍ ആയ ചര്‍ച്ചയില്‍ സംവിധായകരായ ഇന്ദു ലക്ഷ്മി, ശോഭന പടിഞ്ഞാറ്റില്‍, ആദിത്യ ബേബി, ശിവരഞ്ജിനി എന്നിവര്‍ പങ്കെടുത്തു.
100 വര്‍ഷം പിന്നിട്ട അര്‍മേനിയന്‍ സിനിമയെ ആധാരമാക്കി നിള തിയേറ്ററില്‍ പാനല്‍ ചര്‍ച്ചയും നടന്നു. അര്‍മേനിയന്‍ സിനിമാ ചരിത്രത്തെ കുറിച്ചുള്ള സമ്പന്നവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കാലഘട്ടത്തിലേക്ക് പാനല്‍ ചര്‍ച്ച വെളിച്ചം വീശി. സെര്‍ജി അവേദികന്‍, ഗോള്‍ഡ സല്ലം,നോറാഹ് അര്‍മാനി, കരീന സിമോണിയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here