ബോളിവുഡിൻ്റെ സ്വന്തം സ്വപ്ന സുന്ദരിയാണ് നടി ഹേമമാലിനി. മികച്ച നടി മാത്രമായിരുന്നില്ല, ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും തൻ്റേതായ നൃത്ത വൈദഗ്ധ്യം വളർത്തിയെടുത്ത ക്ലാസ്സിക്കൽ നർത്തകി കൂടിയായിരുന്നു അവർ. 76-ാം വയസ്സിലും മികച്ച നൃത്തപരിപാടികളുമായി ഹേമമാലിനി ഇന്നും കലാ രംഗത്ത് സജീവമാണ്. എന്നാൽ നടൻ ധർമേന്ദ്ര നാളിതുവരെ ഹേമമാലിനിയുടെ ക്ലാസ്സിക്കൽ നൃത്ത പരിപാടികൾ കണ്ടിട്ടില്ലെന്നാണ് ഹേമ മാലിനി പറയുന്നത്. അതിനൊരു കാരണമുണ്ട്.
പഞ്ചാബിലെ പരമ്പരാഗത കുടുംബത്തിൽ ജനിച്ച യാഥാസ്ഥിതികനായ ധർമ്മേന്ദ്ര സ്ത്രീകൾ പൊതുപരിപാടികളിൽ നൃത്തം ചെയ്യുന്നതിനോട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല എതിർത്തിരുന്നുവെന്നുമാണ് ഹേമ പറയുന്നത്. മക്കളുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു.
ഒരു പ്രൊഫഷണൽ നർത്തകിയാകാനായിരുന്നു ഹേമമാലിനിയുടെ മകൾ ഇഷയുടെ ആഗ്രഹം. ബോളിവുഡിൽ തൻ്റേതായ വ്യക്തിത്വമാണ് ഇഷ ആഗ്രഹിച്ചിരുന്നത്. പക്ഷേ, പെൺകുട്ടികൾ നൃത്തം ചെയ്യുന്നതും അഭിനയിക്കുന്നതും ധർമേന്ദ്രയ്ക്ക് ഇഷ്ടമായിരുന്നില്ല.
എന്നാൽ താൻ ഈ കാര്യങ്ങൾക്ക് എതിരായിരുന്നുവെന്നും പലപ്പോഴും സ്വന്തമായ നിലപാടുകൾ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഹേമ പറഞ്ഞു. പിന്നീട് തന്റെ നൃത്ത പരിപാടികൾക്ക് ലഭിച്ച പ്രശംസയും ആദരവുമാണ് ധർമ്മേന്ദ്രയുടെ മനസ്സ് മാറ്റിയത്. അങ്ങിനെയാണ് മക്കളെയും നൃത്തം ചെയ്യാനും അഭിനയിക്കാനും ധർമ്മേന്ദ്ര അനുവദിക്കുന്നത്. വ്യക്തിജീവിതത്തിലെ അനുഭവങ്ങൾ വെളിപ്പെടുത്തി ഹേമമാലിനി പറഞ്ഞു.
ധർമേന്ദ്ര തൻ്റെ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് ഹേമമാലിനിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഹേമമാലിനി ഇന്നുവരെ ധർമേന്ദ്രയുടെ വീട്ടിൽ കയറിയിട്ടില്ല. വിവാഹശേഷം ധർമ്മേന്ദ്ര പുതിയ വീട് എടുത്ത് മറ്റൊരു ലോകം തുടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here