ജീവിതം തുടരാൻ യാതൊരു വഴിയുമില്ലാതെ മരിക്കാൻ തുനിയുമ്പോഴും ആ മനുഷ്യൻ അവസാനമായി തന്‍റെ പാർട്ടി നേതൃത്വത്തെ വിശ്വസിച്ചു. എന്നാൽ മരണത്തിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നടപടികൾ ഉണ്ടാകാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പുറത്തു വന്ന കത്തിൽ കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വന്തം കൈപ്പടയിൽ അദ്ദേഹം കുറിച്ചിട്ടത്.
കോൺഗ്രസ് നേതൃത്വത്തെ അടിമുടി പ്രതിസന്ധിയിലാക്കുന്നതാണ് വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ ആത്മഹത്യാ കുറിപ്പ്. കത്തിലുള്ള വെളിപ്പെടുത്തലുകൾ അക്ഷരാർഥത്തിലെ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്. നാല് നേതാക്കൾക്ക് ബത്തേരി അർബൻ ബാങ്ക് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലും ആത്ഹത്യാകുറിപ്പിലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്റേയും ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റേയും പേരുകൾ കുറിപ്പിലുണ്ട്. വൻ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യയെന്നും എൻ എം വിജയൻ വ്യക്തമാക്കുന്നുണ്ട്.
Also read; എന്‍എം വിജയന്റെ ആത്മഹത്യാ കുറിപ്പ്; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വിഡി സതീശന്‍
എൻഎം വിജയൻറെ ആത്മഹത്യാ കുറിപ്പ് പൂർണരൂപത്തിൽ
ബഹു: കെപിസിസി പ്രസിഡന്റ്, ശ്രീ കെ സുധാകരൻ അവർകൾക്ക്
സർ,
എന്റെ പേര് എൻ എം വിജയൻ, നിലവിൽ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷററാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് ഡിഗ്രി എടുത്ത ശേഷം 1970 മുതൽ 10 വർഷം സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും, പഠിക്കുന്ന സമയത്ത് സജീവ കെഎസ്‌യു പ്രവർത്തകൻ, മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എന്റെ കോളേജ് സഹപാഠിയും, എ സുജനപാൽ ഗുരുവായൂരപ്പൻ കോളേജിൽ സഹപാഠി, 1980 മുതൽ, ആദ്യത്തെ 1992 ലെ സംഘടനാ തെരഞ്ഞെടുപ്പുമുതൽ 2005 വരെ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, 2006 മുതൽ വയനാട് ഡിസിസി സെക്രട്ടറി, 2015 മുതൽ നിലവിൽ ഡിസിസി ട്രഷറർ, 1998 – 2000 വരെ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ്, 2000 മുതൽ 2005 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ അങ്ങ് മന്ത്രിയായിരിക്കെ ബത്തേരി സന്ദർശിച്ച സമയത്ത് ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാതെ എന്റെ വീട്ടിലാണ് ഭക്ഷണം കഴിച്ച് വിശ്രമിച്ചത്. എന്നെ താങ്കൾക്ക് നേരിട്ടറിയാം. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് എനിക്ക് എസ്ഐ സെക്ഷൻ കിട്ടിയിട്ട് അത് രഹസ്യമായി റദ്ദ് ചെയ്യിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായ ശ്രീ കെ കരുണാകരനെ കൊണ്ട് ഞാൻ അറിയാതെ എന്നെ സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റായി നിലനിർത്തിച്ചത് കെ കെ രാമചന്ദ്രൻ മാസ്റ്ററായിരുന്നു എന്നത് വർഷങ്ങൾക്ക് ശേഷമാണു എനിക്ക് മനസിലായത്. ഇക്കാര്യം ഇപ്പോൾ വയനാട്ടിലെ ഡിസിസി പ്രസിഡന്റടക്കം എല്ലാവർക്കും അറിയുന്ന കാര്യമാണ്. അപ്പോഴേക്കും ഞാനൊരു സജീവ കോൺഗ്രസ് പ്രവർത്തകനായി കഴിഞ്ഞിരുന്നു. ഒരു കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായ എന്റെ പിതാവിന്റെ അനുഗ്രഹത്തോടെ.
സർ, ഇത്രയും കാര്യങ്ങൾ ഞാൻ എന്റെ മനസിന്റെ നൊമ്പരം കാരണം എഴുതിയതാണ്. നാല് വർഷം മുൻപ് എന്റെ ഭാര്യ പ്രമേഹം കാരണം 12 വർഷത്തെ ചികിത്സയ്‌ക്കൊടുവിൽ മരിച്ചു. രണ്ട് ആൺകുട്ടികളാണ്. ഇളയമകന് ചെറിയ മാനസിക അസ്വസ്ഥത ഉള്ള വ്യക്തിയാണ്. കഴിഞ്ഞ ഏഴു വർഷക്കാലം, ഏഴു വർഷം മുൻപ് ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കെ പി തോമസ് മാസ്റ്റർ, മുൻ ഡിസിസി പ്രസിഡന്റ് പറഞ്ഞിട്ടാണ് ദിവസ വേതന അടിസ്ഥാനത്തിൽ (ദിവസം 200 രൂപ) ജോലി കൊടുത്തത്. അതിനുശേഷം മൂന്ന് വർഷം മുൻപ് നിയമനവിജ്ഞാപനം ഇറങ്ങിയപ്പോൾ ബാങ്കിലുള്ള പി ടി എസ് പോസ്റ്റിൽ ഒന്നാം റാങ്കിൽ എന്റെ മകനെ എടുത്തു എന്ന് ഞാൻ കരുതിയിരുന്നു. എനിക്ക് വാക്ക് നൽകിയിരുന്നു. എല്ലാവരും അങ്ങനെ തന്നെ വിശ്വസിച്ചിരുന്നു. അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ മറ്റൊരാളെ നിയമിക്കുന്നതിന് ഞാൻ പോലും അറിയാതെ (ഞാൻ അന്ന് ഡിസിസി ട്രഷററാണ്) കത്ത് നൽകിയിട്ടുണ്ട് എന്ന് പറഞ്ഞ് എന്റെ മകനെ നിയമിക്കാതെ ഐസിയുടെ താല്പര്യത്തിനനുസരിച്ച് എന്റെ മകനെ, ബത്തേരി അർബൻ ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഏഴു വർഷം ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്ത ആളെ പിരിച്ചുവിടുന്നത്, അത് 40 വർഷക്കാലം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച എനിക്ക് ഈ ആഘാതം താങ്ങാൻ പറ്റാത്തതായിരുന്നു. മകന് പകരമായി നിയമിച്ച ആളിൽ നിന്ന് ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി പി ടി എസിനു വേണ്ടി കൈക്കൂലി വാങ്ങി എന്നാണ് അറിഞ്ഞത് സർ.
സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ അങ്ങ് സംസ്ഥാനതലത്തിൽ കമ്മിറ്റി ചുമതലപ്പെടുത്തിയതും അതിന്റെ ഭാഗമായി ബാങ്ക് പ്രസിഡന്റിനോടും മുൻ ട്രഷററും സഹകരണ സെല്ലിന്റെ ജില്ലാ കൺവീനറുമായ കെ കെ ഗോപിനാഥൻ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതുമൊക്കെ അങ്ങേയ്ക്ക് അറിയാവുന്ന കാര്യമാണല്ലോ. യഥാർത്ഥത്തിൽ ബാങ്ക് നിയമനത്തിൽ വയനാട് ജില്ലയിലെ മുൻ പ്രസിഡന്റുമാർ മൂന്നുപേരും അടക്കമുള്ളവർ തമ്മിൽ പണം വിഹിതം വച്ചതിലെ ഏറ്റക്കുറച്ചിൽ കാരണമാണ് ബാങ്ക് വിവാദം വലിയ വിഷയമായത് എന്നതാണ് സത്യം. പി ടി എസ് നിയമനത്തിന് പോലും 25 ലക്ഷം കൈപ്പറ്റി എന്നാണ് പൊതുസംസാരം. 40 ലേറെ വർഷം പാർട്ടി സജീവപ്രവർത്തനം നടത്തിയ എനിക്ക് ലഭിച്ച കയ്പ്പേറിയ അനുഭവം അങ്ങയുടെ മുന്നിൽ ഞാൻ പങ്കുവയ്ക്കുകയാണ്. ഇപ്പോൾ നിലവിൽ വന്ന പുതിയ ഫുൾ കോൺഗ്രസ് അംഗ ഭരണസമിതി പോലും എന്റെ മകനെ തിരിച്ചെടുക്കുവാൻ ശ്രമിച്ചില്ല എന്ന സത്യം അങ്ങയോട് വേദനയോടെ അറിയിക്കുകയാണ്. അതിനാൽ എന്റെ മകൻ ജിജേഷിനെ പി ടി എസായി തിരിച്ചെടുക്കുന്നതിനു നിർദേശം നൽകണമെന്ന് അപേക്ഷിക്കുന്നു. വേദനയോടെ അതിലേറെ സങ്കടത്തോടെ ഒന്ന് രണ്ട് പ്രധാന കാര്യങ്ങൾ കൂടെ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.
1 . സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് ബിജെപിയുടെ നേതൃത്വത്തിൽ 2013 ൽ ഭരിച്ചിരുന്ന സമയത്ത് ശ്രീ കെ എൽ പൗലോസ് ഡിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് ബിജെപി ഭരണസമിതിയെ മറിച്ചിടുന്നതിന് തീരുമാനിക്കുകയും ജില്ലയിലെ മുതിർന്ന നേതാക്കൾ കെ എൽ പൗലോസ്, ഡിസിസി പ്രസിഡന്റ്, സഹകരണ സെൽ ചെയർമാൻ, പി വി ബാലചന്ദ്രൻ, കൺവീനർ, കെ കെ ഗോപിനാഥൻ മാസ്റ്റർ, ബാങ്കിന്റെ പരിധിയുള്ള മണ്ഡലത്തിന്റെ പ്രസിഡന്റുമാർ ബത്തേരിയിലെ ഡിസിസി ഭാരവാഹികൾ എന്നിവർ കൂടിയാലോചിച്ച് ഒരു ബിജെപി ഡയറക്ടറെ 10 ലക്ഷം രൂപ കൊടുത്ത് പ്രലോഭിപ്പിച്ച് ഭരണസമിതി പിരിച്ചുവിട്ട അന്നത്തെ സഹകരണ മന്ത്രി ശ്രീ ബാലകൃഷ്ണൻ സാറിന്റെ അറിവോടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വരികയും ഞാൻ കൺവീനറായി കമ്മിറ്റി വരികയും ചെയ്തിരുന്നു. ബാങ്കിന്റെ സ്റ്റാഫ് പാറ്റേൺ എല്ലാം ശരിയാക്കി ബാങ്കിൽ 22 നിയമങ്ങൾക്കുള്ള രേഖകൾ പോലും തയാറാക്കി വച്ചിട്ടാണ് 2014 ൽ ഇലക്ഷന് തയാറായത്. മൂന്ന് പഞ്ചായത്തുകളിലായി (സുൽത്താൻ ബത്തേരി, നൂൽപ്പുഴ, നെന്മേനി ) കിടക്കുന്ന ബാങ്കിനെ മൂന്ന് പഞ്ചായത്ത് തലത്തിൽ ഭാഗങ്ങളായി മാറ്റി എലെക്ഷനെ നേരിടാൻ നേതൃത്വം തീരുമാനിച്ച നടപടിക്കെതിരായി ബിജെപി ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ വിധി നമുക്കെതിരായി വരികയും തുടർന്ന് നടന്ന ഇലെക്ഷനിൽ വലിയ പരാജയം കോൺഗ്രസിന് ഉണ്ടായി. ബാങ്ക് വിഭജന പ്രക്രിയയ്ക്കും ഇലെക്ഷനും ബിജെപി ഭരണസമിതി പിരിച്ചുവിടുന്നതിനും ഒക്കെയായി 32 ലക്ഷം രൂപയാണ് ചെലവായത്. ബാങ്കിലെ നിയമനത്തിലൂടെ – 22 പോസ്റ്റിൽ നിന്ന് – ചിലവായ സാമ്പത്തികം എടുക്കാം എന്നതായിരുന്നു നേതാക്കന്മാരുടെ തീരുമാനം, കണക്കുകൂട്ടൽ. ബാങ്ക് ബിജെപി തിരിച്ചുപിടിച്ച് അവർ 22 പോസ്റ്റിലേക്കും നിയമനം നടത്തി. ബിജെപിക്കാരെ നിയമിച്ചു. ഇലെക്ഷൻ കഴിഞ്ഞപ്പോൾ കോൺഗ്രസിന്റെ നേതൃത്വവും മറ്റുള്ളവരും പിൻവാങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനറായ എന്റെ തലയിൽ എല്ലാ സാമ്പത്തിക ബാധ്യതകളും വന്നു. 32 ലക്ഷം സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ എന്റെ വീടും സ്ഥലവും പണയപ്പെടുത്തി ലോൺ എടുത്ത് ബാധ്യതകളെല്ലാം തീർത്തു. ഇന്ന് ആ ലോൺ സംഖ്യ 65 ലക്ഷം രൂപയായി മാറിയിരിക്കുന്നു. ആരും സഹായിക്കാത്തതുകൊണ്ട് കൊല്ലത്തിൽ ലോൺ പലിശയടക്കം പുതുക്കിക്കൊണ്ടിരിക്കുകയാണ്. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഈ ലോൺ വിവരം എന്റെ മക്കൾക്ക് പോലും അറിയില്ല. വീട് ജപ്തി ചെയ്താൽ ഞാനും മക്കളും റോഡിലേക്കിറങ്ങേണ്ടി വരും. എന്റെ മകന് ജോലിയും നൽകാതെ പിരിച്ചുവിട്ട അവസ്ഥ ആലോചിക്കുമ്പോൾ ഞങ്ങൾ റോഡിൽ ഇറങ്ങി തെണ്ടേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ട് എന്റെ മരണശേഷം എന്റെ മക്കളെയെങ്കിലും ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്താൻ പാർട്ടി ആ ലോൺ ഏറ്റെടുക്കാമെന്ന്, എഴുതിത്തള്ളാമെന്ന് ഡിസിസി പ്രസിഡന്റ് ശ്രീ ഐ സി ബാലകൃഷ്ണൻ പറഞ്ഞു. നൂൽപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ശ്രീ മധു സെബാസ്റ്റ്യൻ നിയമനത്തിന് – സെക്രട്ടറി – വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നതിനും ഡിസിസിയുടെ പ്രവർത്തന ആവശ്യത്തിനുമായി ഏഴ് ലക്ഷം രൂപ ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിന്, നെന്മേനി പഞ്ചായത്തിലെ ശ്രീ യു കെ പ്രേമൻ (മുൻ പഞ്ചായത്ത് മെമ്പർ) മുഖേന വാങ്ങിച്ച് കൊടുത്തിട്ടുണ്ട്. അർബൻ ബാങ്ക് നിയമനം വിവാദമായപ്പോൾ ജോലി കൊടുക്കുവാൻ സാധിച്ചില്ല. അപ്പോൾ വാങ്ങിയ പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത ഐ സി ബാലകൃഷ്ണനാണ്. രണ്ട് ലക്ഷം രൂപ തിരിച്ച് കൊടുത്തു. ബാക്കി രൂപയ്ക്ക് ഞാൻ തത്കാലം ചെക്ക് കൊടുത്ത് അവധി പറഞ്ഞിരിക്കുകയാണ്. ഇതുവരെ അത് തിരിച്ച് കൊടുക്കുവാൻ ഐ സി ക്ക് സാധിച്ചിട്ടില്ല. കൊടുക്കാമെന്ന് പറയുന്നതല്ലാതെ അത് പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കി തരണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻ ജി ഓ അസോസിയേഷൻ ഭാരവാഹികളായ രതീഷ്, മുനീബ് എന്നിവർക്കറിയാം. ബത്തേരി അർബൻ ബാങ്കിൽ സാലറി സർട്ടിഫിക്കറ്റ് വച്ച് രണ്ട് പേരും കൂടെ ലോൺ എടുത്തിട്ടാണ് ആദ്യം ഐസിക്ക് പണം കൊടുത്തത്. അതിനു ശേഷം വർഷം തികഞ്ഞിട്ടും കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ ആണ് യു കെ പ്രേമൻ മുഖേന പണം വാങ്ങിച്ചു കൊടുത്തത് എന്നതാണ് സത്യം. ഇതുവരെ ഇക്കാര്യം ആരോടും പറഞ്ഞിട്ടില്ല. എംഎൽഎക്ക് ഇതിൽ പങ്കുണ്ട് എന്ന കാര്യം പറഞ്ഞിട്ടില്ല. എംഎൽഎ ഡിസിസി പ്രസിഡന്റ് ആയപ്പോൾ ഇലെക്ഷൻ മത്സര സമയത്ത് ബിജു തൊടുവണ്ടി ഐസി ബാലകൃഷ്ണന്റെ വീട്ടിൽ പോയി ബഹളം വച്ചപ്പോൾ ആണ് അത് തല്ക്കാലം രതീഷ്, മുനീബ് എന്നിവരെക്കൊണ്ട് ലോൺ എടുപ്പിച്ച് പ്രശ്നം അന്ന് ശാന്തമാക്കിയത്. ഞാനും യു കെ പ്രേമനും അവരുടെ മുന്നിൽ പ്രതികളാണ്. ഇക്കാര്യത്തിൽ അങ്ങ് ഇടപെട്ട് പരിഹാരം ഉണ്ടാക്കിതരണം. അവർ പ്രശ്നമുണ്ടാക്കിയാൽ ഇക്കാര്യം തുറന്ന് പരസ്യമായി പറയേണ്ടി വരും. അത് എംഎൽഎക്കും പാർട്ടിക്കും ദോഷമായി മാറും.
2.കെ കെ ഗോപിനാഥൻ മാസ്റ്റർ, എൻ ഡി അപ്പച്ചൻ എന്നിവർ പറഞ്ഞ് അർബൻ ബാങ്കിൽ ജോലി ലഭിക്കുന്നതിന് വാങ്ങിയ 10 ലക്ഷം രൂപയ്ക്ക് ചെക്കും എന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്തിന്റെ പണയാധാരവും നൽകിയിരിക്കുകയാണ്. അവധിക്ക് മുൻപ് പ്രശ്നം തീർത്ത് കൊടുക്കാമെന്ന് പറഞ്ഞത് ഗോപിനാഥൻ മാസ്റ്ററും എൻ ഡി അപ്പച്ചനുമാണ്. ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ ചെക്ക് കൊടുക്കാൻ പറ്റാത്തതുകൊണ്ടും പണയാധാരം കൊടുക്കുവാൻ സ്വന്തം പേരിൽ സ്ഥലം ഇല്ലാത്തതുകൊണ്ടും ഗോപിനാഥൻ മാസ്റ്ററും അപ്പച്ചനും പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് ഞാൻ അപ്പച്ചന്റെ വീടിനടുത്തുള്ള ചാക്കോ എന്നയാൾക്ക് ചെക്കും പണയാധാരവും നൽകിയത്. എന്നാൽ സമയത്തിന് മുൻപ് തന്നെ ചാക്കോ കോടതിയെ സമീപിച്ച് എന്റെ സ്ഥലം അറ്റാച്ച് ചെയ്ത് എനിക്ക് സ്ഥലം വിൽക്കാൻ പറ്റാത്ത അവസ്ഥയിൽ ബത്തേരി കോടതിയിൽ കേസിലാണ്. കാര്യങ്ങളുടെ യഥാർത്ഥ അവസ്ഥ അറിയുന്ന കോൺഗ്രസ് ലീഗൽ സെൽ വക്കീലായ ശ്രീ അഡ്വ. ടി ആർ ബാലകൃഷ്ണനെ ഞാൻ വക്കാലത്ത് ഏല്പിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങൾ ഒന്നും എന്റെ മക്കൾ ഇതുവരെ അറിഞ്ഞിട്ടില്ല. മക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞാൽ എനിക്ക് അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. ഇപ്പോൾ 10 ലക്ഷം രൂപയ്ക്ക് 18 ലക്ഷം രൂപയാണ് കേസ് കോടതിയിൽ ഉള്ളത്. സാമ്പത്തിക പ്രശ്നം പരിഹരിക്കുവാൻ കെ കെ ഗോപിനാഥനോ എൻ ഡി അപ്പച്ചനോ സാധിച്ചിട്ടില്ല, ചെയ്യാമെന്ന് പറയുന്നതല്ലാതെ – ഇതിന് പരിഹാരം ഉണ്ടാക്കി തരണം.
50 കൊല്ലം കോൺഗ്രസിന് വേണ്ടി ജീവിതം തുലച്ച എനിക്ക് ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പാർട്ടിയിലെ അനുഭവങ്ങൾ പറഞ്ഞ് പാർട്ടിയെ നശിപ്പിക്കുവാൻ എന്റെ മനസ് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇതുവരെ ഇത് ഞാൻ ആരോടും പങ്കുവയ്ക്കാത്തത്. എന്റെ കുടുംബം ഒരു വലിയ കോൺഗ്രസ് കുടുംബം ആണെന്ന് അന്വേഷിച്ചാൽ അങ്ങേക്ക് അറിയാൻ സാധിക്കും. എനിക്ക് ഇനി പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വീട്ടിൽ, കുടുംബത്തിൽ, ഇതറിഞ്ഞാൽ ഞാൻ മരിക്കേണ്ടി വരും. മാനസിക സംഘർഷത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി പാർട്ടിയും മേൽപ്പറഞ്ഞ നേതാക്കന്മാരും മാത്രം ആയിരിക്കും. ഈ സാഹചര്യത്തിൽ എന്റെ മക്കളെയെങ്കിലും രക്ഷിക്കാൻ അങ്ങയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണേ…
സർ, എന്റെ ഇളയമകൻ ജിജേഷിനെ ഇപ്പോൾ ഭരിക്കുന്ന കോൺഗ്രസ് ഭരണസമിതിയോട് തിരിച്ചെടുക്കുന്നതിനുള്ള നടപടിയുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
എൻ എം വിജയൻ
ഡിസിസി ട്രഷറർ
വയനാട്
——————————————————————————————————————
രണ്ടാമത്തെ കുറിപ്പ്
ബഹു: ശ്രീ കെ സുധാകരൻ കെ പി സിസി പ്രസിഡണ്ട് അവർകൾ സമക്ഷം
സർ
സർ, ഞാൻ വിശദമായി സാറിനെഴുതിയ കത്തിന്റെ സംക്ഷിപ്തരൂപം ചുവടെ കുറിക്കുന്നു
2013 – 2014 വർഷത്തിൽ സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്ന നിലയിൽ പാർട്ടി എന്റെ തലയിൽ കെട്ടിവച്ച് പിന്മാറിയ 32 ലക്ഷം രൂപയുടെ കടബാധ്യത തീർക്കുന്നതിന് ബത്തേരി അർബൻ ബാങ്കിന്റെ ഈവനിംഗ് ശാഖയിൽ നിന്ന് എടുത്ത ബാധ്യത ഇന്ന് 55 ലക്ഷത്തിൽ ഏറെയായിരുന്നു. ഞാൻ താമസിക്കുന്ന 10 സെന്റ് സ്ഥലവും വീടും ഈടായി നൽകിയിരിക്കുന്നത് ബാങ്ക് ജപ്തി നടപടിയുടെ അടുത്തെത്തിയിരുന്നു എന്നതാണ് സത്യം. ആ ലോൺ പാർട്ടി ഏറ്റെടുത്ത് എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. എന്നെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാനും.
നൂൽപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ട് ശ്രീ മധു സെബാസ്റ്റ്യനെ സഹായിക്കുന്നതിന് അന്ന് ഡിസിസി പ്രസിഡന്റും എംഎൽഎയുമായിരുന്ന ശ്രീ ഐസി ബാലകൃഷ്ണൻ നടത്തിയ ബത്തേരി അർബൻ ബാങ്കിലെ നിയമന ഇടപാടിൽ ഞാൻ വാങ്ങിച്ചുകൊടുത്ത സംഖ്യയിൽ ബാക്കി കൊടുക്കാനുള്ളത് 5 ലക്ഷം രൂപ.
എൻ ഡി അപ്പച്ചൻ, എക്സ് എംഎൽഎ, ഡിസിസി പ്രസിഡണ്ട്; അദ്ദേഹത്തിന്റെ അയൽവാസി ചാക്കോ എന്ന ആളുടെ കൈയിൽ നിന്ന് വാങ്ങിയ 10 ലക്ഷം രൂപ പലിശയടക്കം 12 ലക്ഷം രൂപയ്ക്ക് അപ്പച്ചനുവേണ്ടി ട്രഷറർ എന്ന നിലയിൽ ഞാൻ കൊടുത്ത ചെക്കിന്റെ പേരിൽ കോടതിയിൽ നിലനിൽക്കുന്ന കടബാധ്യത.
കെ കെ ഗോപിനാഥൻ മാസ്റ്റർ മുൻ ഡിസിസി പ്രസിഡണ്ട്, പി വി ബാലചന്ദ്രൻ എന്നിവർ ചേർന്ന് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് വാങ്ങിയ 15 ലക്ഷം രൂപ (എന്റെ ചെക്ക് മുഖേന വാങ്ങിയത്) കണിച്ചിറ സ്വദേശി രാധാകൃഷ്ണൻ മാസ്റ്ററിൽ നിന്ന് വാങ്ങിയത്, ഞാൻ ലോണെടുത്ത് തിരികെ കൊടുത്തത്, (രാധാകൃഷ്ണൻ മൊബൈൽ – 8573883013 ) കെ കെ ഗോപിനാഥൻ മാസ്റ്റർ പറഞ്ഞിട്ടാണ് ഞാൻ ചെക്ക് കൊടുത്തത്. സർ, ഈ ബാധ്യതകൾ ഒന്നും എന്റെ മക്കൾ പോലും ഇതുവരെ അറിഞ്ഞിട്ടില്ല. ഈ ബാധ്യതകൾ കാരണം ഞാനും മക്കളും വഴിയാധാരമായിരിക്കുകയാണ്. ഇതുവരെ മറ്റാരോടും ഇക്കാര്യം പറഞ്ഞിട്ടുമില്ല. ഞാൻ നേരത്തെ സൂചിപ്പിച്ച പ്രകാരം ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇക്കാര്യം പരസ്യമായിട്ട് പാർട്ടി നേതാക്കന്മാരുടെ പേരിൽ പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കി പാർട്ടിക്ക് അപമര്യാദ, അപഖ്യാതി ഉണ്ടാക്കി കൊടുക്കുന്നതിന് സാക്ഷിയാകാൻ എന്റെ മനസ് അനുവദിക്കുന്നില്ല. എന്നാൽ ബാധ്യതകൾ തീർത്തോളാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ഇതിനു ശാശ്വത പരിഹാരം ഉണ്ടാക്കി തരുന്നില്ല എന്നതാണ് സത്യം. എന്നാൽ മാനസിക ആഘാതം മൂലം മനസിനോ മരണത്തിനോ ഇടവന്നാൽ അതിനു ഉത്തരവാദികൾ ഞാൻ മേൽസൂചിപ്പിച്ചവർ തന്നെ ആയിരിക്കും. എന്റെ മക്കൾക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിനും ഉത്തരവാദികൾ അവർ തന്നെ ആയിരിക്കും.
ഈ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കി എന്റെ മക്കളെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തെയെങ്കിലും രക്ഷിക്കണേ…
എന്ന്
എൻഎം വിജയൻ
ഡിസിസി ട്രഷറർ
NB: സർ, ഈ മരണകുറിപ്പ് അങ്ങേക്ക് ലഭിച്ച് 10 ദിവസം കാത്തിരിക്കണമെന്ന് ഞാൻ മകന് നിർദേശം നൽകിയിട്ടുണ്ട്. അതിനു ശേഷം ഈ കത്തിന്റെ കോപ്പി വയനാട് ജില്ലാ പോലീസ് മേധാവിക്ക് നൽകണമെന്നും പറഞ്ഞിട്ടുണ്ട്. അതിന്നിടവരുത്തരുതേ സർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here