“ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു” കേരള രാഷ്ട്രീയം കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ വനിതയുടെ വാക്കുകൾ ആണിത്. കെ ആർ ഗൗരിയമ്മ. പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായ ഗൗരിയമ്മ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം.
ഗൗരിയമ്മയെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമായിരുന്നു ജീവിതം, ജീവിതമായിരുന്നു രാഷ്‌ട്രീയം. കാരണം പതിറ്റാണ്ടുകളോളം പാര്‍ട്ടി തന്നെയായിരുന്നു ഗൗരിയമ്മയുടെ ജീവിതവും. ഒരു കാലത്ത് സ്ത്രീ സങ്കൽപ്പങ്ങളെയെല്ലാം പൊളിച്ചെഴുതി രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ മുന്നിലേക്ക് വന്ന ആലപ്പുഴക്കാരിയുടെ മനക്കരുത്ത് അന്നും ഇന്നും എന്നും സ്ത്രീകൾക്കിടയിൽ മാതൃകയാണ്.
ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രി പദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ് കെ ആർ ഗൗരിയമ്മക്കാണ്. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയുമാണ് ഗൗരിയമ്മ പ്രതിനിധീകരിച്ചത്. ചരിത്രപ്രധാനമായ ഭൂപരിഷ്‍കരണ നിയമം അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്‍തത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതയായ ഗൗരിയമ്മയാണ്.
ആലപ്പുഴയിലെ കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന ഗൗരിയമ്മയുടെ വിദ്യാഭ്യാസത്തിനു വേണ്ട പിന്തുണ നൽകിയതെല്ലാം പിതാവായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സജീവ പ്രവർത്തകനായിരുന്ന സഹോദരനെ പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഗൗരിയമ്മ അവിടന്നങ്ങോട്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മുറുകെ പിടിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സമയത്ത് നാട്ടിലെ ജനങ്ങളോട് കമ്മ്യൂണിസ്റ്റ് ആശയങ്ങളെക്കുറിച്ച് സംസാരിക്കുകയും ഭരണകൂടത്തെ വിമര്‍ശിക്കുകയും ചെയ്തതിന് ജയിൽ വാസവും കൊടിയ പീഡനങ്ങളും ഗൗരിയമ്മയ്ക്ക് നേരിടേണ്ടി വന്നു. അതും സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ. “ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു” എന്ന ഗൗരിയമ്മയുടെ ആത്മകഥയിലെ വാക്കുകളിൽ നിന്ന് തന്നെ അത് ഊഹിക്കാം. ടി വി തോമസുമായിട്ടുള്ള ഗൗരിയമ്മയുടെ വിവാഹവും പിന്നീടുള്ള ജീവിതവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണ്.
ഗൗരിയമ്മ ഉരുക്കുവനിതയാണ്. സാഹചര്യങ്ങളും സന്ദർഭങ്ങളും തനിക്ക് എതിരായപ്പോഴും ആത്മധൈര്യവും ആത്മവിശ്വാസവും കൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച ഉരുക്കുവനിത. അതേ, കരയാത്ത ഗൗരി, തളരാത്ത ഗൗരി…
ALSO READ: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; എം സ്വരാജ് സുപ്രീംകോടതിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here