എ പി കുഞ്ഞിക്കണ്ണന്റെ നിര്യാണം അത്യന്തം ദു:ഖകരം; എം എ ബേബി

ഗാന്ധിയന്‍ സോഷ്യലിസ്റ്റും സംരംഭകനും മാഹിയിലെ ‘മലയാളകലാഗ്രാമ’ ത്തിന്റെ സ്ഥാപകനുമായ എ പി കുഞ്ഞിക്കണ്ണേട്ടന്റെ നിര്യാണം അത്യന്തം ദു:ഖകരമെന്ന് എം എ ബേബി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്

ഫേസ്ബുക്ക് പോസ്റ്റ്

ഗാന്ധിയന്‍ സോഷ്യലിസ്റ്റും സംരംഭകനും മാഹിയിലെ ‘മലയാളകലാഗ്രാമ’ ത്തിന്റെ സ്ഥാപകനുമായ
എ പി കുഞ്ഞിക്കണ്ണേട്ടന്റെ നിര്യാണം അത്യന്തം ദു:ഖകരമാണ്. അദ്ദേഹം ഏതാണ്ടൊരുപൂര്‍ണ്ണജീവിതം പൂര്‍ത്തിയാക്കിയെന്നു കരുതാമെങ്കിലും എതുവേര്‍പാടും വേദനിപ്പിക്കുമല്ലോ. മാസങ്ങള്‍ക്കുമുമ്പ് ചെന്നയിലെ വീട്ടില്‍ചെന്നുകണ്ടപ്പോള്‍ അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഉണ്ടെന്ന് തോന്നിയിരുന്നില്ല.

തൊഴില്‍തേടി വളരെ ചെറുപ്പത്തില്‍ത്തന്നെ അന്നത്തെ മദിരാശിയിലെത്തി സര്‍വ്വകഷ്ടപ്പാടും സഹിച്ചിട്ടാണ് ഒടുവില്‍ സ്വപരിശ്രമത്താല്‍ അദ്ദേഹം ജീവിതത്തില്‍ മുന്നോട്ടു നീങ്ങിയത്. കായികാധ്വാനം മുതല്‍ ക്യാന്റീന്‍ നടത്തിപ്പും മറ്റനേകം ചെറുചെറു സംരംഭങ്ങളും ഒക്കെ ആശ്രയിച്ചാണ് പതുക്കെ പതുക്കെ പിടിച്ചു കയറിയത്. അമാന്യമായമാര്‍ഗ്ഗത്തില്‍ ഒറ്റരൂപപോലും ഒരിക്കലും സമ്പാദിച്ചിട്ടില്ലെന്ന് നിസ്സംശയംപറയാവുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അനാര്‍ഭാടമായജീവിതം ഒരു വൃതംപോലെ പിന്തുടര്‍ന്നു. തന്റെ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുടെ ഒരുപങ്ക് ചുറ്റുമുള്ളവര്‍ക്കായി എന്നും വീതിച്ചുനല്‍കി. അപ്രായോഗികമെന്ന് അനുഭവത്തില്‍വ്യക്തമായിട്ടുള്ള’ ട്രസ്റ്റിഷിപ്പ് ‘സമ്പ്ര ദായം ചെറിയതോതില്‍ നടപ്പാക്കാന്‍ പരിശ്രമിച്ച വ്യക്തിയെന്നും കുഞ്ഞിക്കണ്ണേട്ടനെപ്പറ്റി പറയാമെന്നുതോന്നുന്നു.

‘അന്യജീവനുതകിസ്വജീവിതം ധന്യമാക്കുമമലേവിവേകികള്‍ ‘ എന്ന് ആശാന്‍ നിര്‍വ്വചിച്ച ഒരു വിവേകിതന്നെയായിരുന്നു ചുരുക്കത്തില്‍ കുഞ്ഞിക്കണ്ണേട്ടന്‍. ചെറുകഥകളെ സംഗീതശില്പങ്ങളാക്കി മാറ്റിയിട്ടുള്ള ടി പത്മനാഭന്‍ എന്ന പപ്പേട്ടന്റെ
‘ ചിത്തരഞ്ജിനി’എന്ന രചന യഥാര്‍ത്ഥത്തില്‍ കുഞ്ഞിക്കണ്ണേട്ടനെക്കുറിച്ചാണ്. ത്യാഗരാജസ്വാമികളുടെ ചേതോഹരമായ ഒരുരചനയുണ്ട്. ‘നാദതനുമനിശം ശങ്കരം’ എന്നുതുടങ്ങുന്ന ആ കൃതി എത്രകേട്ടാലും മതിവരാത്ത, അസാദ്ധ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒരൂസംഗീതാവിഷ്‌ക്കാരമാണ്. ചിത്തരഞ്ജിനിരാഗത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പപ്പേട്ടന്റെ കഥക്ക് ആ ത്യാഗരാജകൃതിയുടെ രാഗസഞ്ചാരസ്വഭാവങ്ങളുണ്ട് എന്നുമാത്രമല്ല. അതേരാഗത്തില്‍ ത്യാഗരാജസ്വാമികള്‍ മറ്റൊരുകൃതി ചിട്ടപ്പെടുത്തിയിട്ടില്ല എന്നൊരു ‘പൊരുത്തവും ‘ കുഞ്ഞിക്കണ്ണേട്ടന്റെ ജീവിതവും അസാധാരണമായ ആ ചെറുകഥയുടെ ശീര്‍ഷകവും ഉള്ളടക്കവും തമ്മിലുണ്ട്. കുഞ്ഞിക്കണ്ണേട്ടനെപ്പോലെ മറ്റൊരാളെക്കാണുക പ്രയാസമാണ്.
അപരസേവനത്തിനുഴിഞ്ഞുവച്ചതിനാലാവാം അദ്ദേഹം വിവാഹം കഴിച്ചില്ല. ഒരുപക്ഷേ സാധാരണ ആളുകള്‍ കല്യാണം കഴിക്കാറുള്ളപ്രായത്തില്‍ ജീവിതപ്രയാസങ്ങളുടെ ആധിക്യം നിമിത്തം അതിനു സമയോ സൌകര്യമോ കിട്ടാതെ പോയതുകൊണ്ട് അദ്ദേഹം പിന്നീടത് വേണ്ടെന്നുവച്ചതുമാകാം.

ആ മാതൃകാമനുഷ്യന്റെ ദീപ്തസ്മരണകള്‍ക്കുമുന്നില്‍ അഭിവാദനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News