നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മരണകാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ് ബി പ്രവീൺ.നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പ്രാഥമികമായി ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്നും ആന്തരികാവയവ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സ്വാഭാവിക മരണമെന്ന് വിലയിരുത്താറായിട്ടില്ലെന്നും
കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സ്വാഭാവിക മരണം എന്ന നിലയിൽ ഡോക്ടർമാരിൽ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജിയും പ്രതികരിച്ചു.
രാസ പരിശോധന ഫലങ്ങൾ വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും നിലവിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിവാദ സമാധി പൊളിച്ച് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരിക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താനാണ്.
രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ DNA പരിശോധനയും നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here