ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് വിശാലമായ ജുഡീഷ്യല്‍ സിറ്റി; ധാരണയായത് മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയില്‍

ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17 ന് നടക്കും. നിയമ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ. രാജന്‍, ഹൈക്കോടതി ജഡ്ജിമാരായ എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, എ.മുഹമ്മദ് മുഷ്താഖ്,ബെച്ചു കുര്യന്‍ തോമസ് എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Also Read:   അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊതുഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ചത് 45 കോടി; കണക്കുകള്‍ പുറത്ത്

കളമശ്ശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്താനാണ് തീരുമാനം. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന്‍ സെന്റര്‍ തുടങ്ങി രാജ്യാന്തര തലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചനയിലുള്ളത്. 28 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെ ഒരുക്കാനാണ് ആലോചന. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. കഴിഞ്ഞ നവംബര്‍ 9ന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി – ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാര്‍ഷിക യോഗത്തില്‍ ഇതു സംബന്ധിച്ച നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നു.

നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേര്‍ന്ന് ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം കാത്തിരിക്കുന്നതും ബജറ്റില്‍ പ്രഖ്യാപിച്ച എക്‌സിബിഷന്‍ സിറ്റിയുടെ നടപടികള്‍ ആരംഭിച്ചതും മറ്റൊരു സ്ഥലത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണമായി. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുള്ള പ്രാപ്യത, യാത്രാസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്ന് യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here