ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പതിവായി കണ്ടുവരുന്ന ഒന്നാണ് കൂറുമാറ്റം. ഇന്ന് ഇന്ത്യൻ രാഷ്ട്രീയം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്ത വാർത്തയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയും കൂറുമാറ്റവും. കുറച്ചു ദിവസങ്ങളായി തുടങ്ങിയ നാടകീയതകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് ഇന്ന് നിതീഷ് കുമാർ രാജി വെക്കുകയും, നിതീഷ് കുമാറും ജെഡിയുവും വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് മടങ്ങുകയും ചെയ്യുന്നത്.
നിതീഷ് കുമാറിനെ സംബന്ധിച്ച് ഇതാദ്യത്തെ കൂറുമാറ്റമല്ലെന്നതും ശ്രദ്ധേയമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ പത്ത് വർഷത്തെ മാത്രം കണക്കെടുത്താൽ അഞ്ച് തവണയാണ് നിതീഷ് കുമാറെന്ന ജെഡിയു നേതാവ് ഇതിനോടകം കളം മാറ്റി ചവിട്ടുന്നത്. ബിഹാറിൽ ബഹുഭൂരിപക്ഷം തവണയും മുഖ്യമന്ത്രിയായിരുന്നത് നിതീഷ് കുമാർ തന്നെയായിരുന്നുവെങ്കിലും മുന്നണികൾ പലതായിരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നിതീഷ് കുമാറിന്റെ കൂറുമാറ്റത്തിന്റെ സമീപകാലത്തെ തുടക്കം 2014-ൽ ആണ്. 2010-ൽ എൻഡിഎയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ നിതീഷ് കുമാർ 2014 – ൽ എൻഡിഎ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് രാജി വെക്കുകയാണുണ്ടായത്. പിന്നീട് മാസങ്ങളുടെ ഇടവേളയിൽ 2015-ൽ കോൺഗ്രസ്സ് – ആർജെഡി പിന്തുണയോടെ വീണ്ടും മഹാഗഡ്ബന്ധൻ മുന്നണിയിലെത്തുകയും വീണ്ടും മുഖ്യ മന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
എന്നാൽ ആ ബന്ധം രണ്ട് വർഷം പോലും തികക്കാതെ 2017-ൽ മഹാഗഡ്ബന്ധൻ വിട്ട് തിരികെ എൻഡിഎ തന്നെ തിരിച്ചെത്തി, വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. 2020-ലെ അടുത്ത തെരഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണയോടെ മുഖ്യമന്ത്രി പദം നിലനിർത്തി. ഇതുകൊണ്ടൊന്നും തീർന്നില്ല നിതീഷ് കുമാറിന്റെ കൂറുമാറ്റം. വെറും രണ്ട് വർഷത്തിനുള്ളിൽ, അതായത് 2022 -ൽ അധികാരം മാത്രം മുന്നിൽ കണ്ട് എൻഡിഎ സഖ്യം വിട്ട് വീണ്ടും മഹാഗഡ്ബന്ധൻ സഖ്യത്തിലേക്ക് നിതീഷ് കുമാർ ചേക്കേറി. ആ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ നീണ്ടില്ല എന്നത് ഒട്ടും അത്ഭുതമില്ലാത്ത സംഭവമാണ്. 2024 ജനുവരി 28, അതായത് ഇന്ന് നിതീഷ് കുമാറെന്ന ബിഹാർ മുഖ്യമന്ത്രി വീണ്ടും മഹാഗഡ്ബന്ധൻ മുന്നണി വിട്ട് എൻഡിഎ പാളയത്തിലേക്ക് മടങ്ങിയെത്തി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു നിതീഷ് കുമാർ. എന്നാൽ പിന്നീട് നിലയാകെ മാറി മറിഞ്ഞു, നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിശ്വസ്തനായി നിതീഷ് കുമാർ മാറി. വീണ്ടും വിമർശകനായി. 2024 -ലെ തെരഞ്ഞെടുപ്പിന് മുൻപുള്ള ചില നാടകീയ സംഭവങ്ങൾ, അതാണ് ബിഹാറിലെ ഇപ്പോഴത്തെ രാഷ്ട്രീയ കൂറുമാറ്റം. ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപുണ്ടായ നിർണായക രാഷ്ട്രീയ നീക്കം. അധികാരം മാത്രം മുന്നിൽ കണ്ട് നിതീഷ് കുമാർ മറുകണ്ടം ചാടുന്നതും ഇതാദ്യത്തെ തവണയല്ല. ആർജെഡി കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ സഖ്യം വിടുന്ന നിതീഷ് വീണ്ടും ബിജെപി പിന്തുണയോടെ ഒമ്പതാം തവണ ബീഹാറിൻ്റെ മുഖ്യമന്ത്രിയാവുകയാണിപ്പോൾ.
ഇന്ത്യ മുന്നണി രൂപീകരിക്കാൻ മുന്നിൽ നിന്ന ഒരു വ്യക്തി എന്ന നിലയിലും നിതീഷ് കുമാർ ശ്രദ്ധേയനാണ്. എന്നാൽ തെരഞ്ഞെടുപ്പിനോടടുത്തപ്പോൾ പ്രധാന മന്ത്രി പദവിയിലേക്ക് മത്സരിക്കാൻ തന്റെ പേര് ഒരിക്കൽ പോലും ആരും നിർദ്ദേശിച്ച് കണ്ടില്ല. തികഞ്ഞ അധികാരക്കൊതിയനായ നിതീഷ് കുമാർ ഇന്ത്യ മുന്നണിക്കൊപ്പം നിന്നതിന്റെ കാരണവും ഇപ്പോൾ തന്നെ വ്യക്തമാണല്ലോ. ഒപ്പം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ കൂടി കഴിഞ്ഞപ്പോൾ ബിജെപിക്കൊപ്പം ചേർന്ന് വോട്ടു പിടിക്കാനുള്ള ഒരു കാരണവും കൂടിയായി. അപ്പോൾ പിന്നെ ഇങ്ങനെ ചാടി കളിക്കുന്നതിലും അത്ഭുതമൊന്നുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here