പാണപ്പാറയിലെ കുന്നിൻചെരുവിൽ ഡെൽഫിയിലെ അപ്പോളോ ക്ഷേത്രംപോലെ തകർന്നുകിടക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നും അവിടെ ഡെൽഫിയിലെപ്പോലെതന്നെ വെളിച്ചപ്പാടിയായി ഒരു സ്ത്രീയുണ്ടെന്നും പറഞ്ഞത് ഗുരിക്കൾമാഷാണ്. അവർ വെളിച്ചപ്പെട്ടു പറയുകയും മനസ്സിന് വിഷമം പറ്റിയവരെ സുഖപ്പെടുത്തുകയും ചെയ്യാറുണ്ടത്രേ. പാണപ്പാറ പകുതി കയറിച്ചെന്നാൽ അത് പർനസ്സസ് പർവ്വതമാകുമെന്നും അതു വഴി കസ്റ്റാലിയൻ ഒഴുകിവരുന്നുണ്ടെന്നു തോന്നുമെന്നും മാഷ് പറഞ്ഞു. ആ സ്ത്രീയല്ല ആ അന്തരീക്ഷമാണ് മനസ്സിനെ സുഖപ്പെടുത്തുന്നതെന്നാണ് ഗുരിക്കൾമാഷുടെ അഭിപ്രായം. മാഷോടൊപ്പം പാതിവഴിയെത്തിയപ്പോൾത്തന്നെ കുറച്ചൊന്നുമല്ല അദ്ഭുതംതോന്നിയത്. കാലവും ദൂരവും വകവെക്കാത്ത യാദൃച്ഛികതകൾ. ഗുരിക്കൾമാഷു പറഞ്ഞതുപോലെ ഇത് പുരാതന ഗ്രീക്കിലെ, ചിത്രങ്ങളിൽമാത്രം കണ്ടിരുന്ന, ഡെൽഫിയിലെ തകർന്നടിഞ്ഞ അപ്പോളോ ക്ഷേത്രമാണോ. ഇവിടെ ഡെൽഫിയിലെ വെളിച്ചപ്പാടി പൈത്തിയയെപ്പോലെ ഒലീവ് നിറത്തിൽ, നെടുതായ ഒരു സ്ത്രീയിരുന്നു ദൈവത്തിന്റെ സന്ദേശങ്ങൾ മനുഷ്യരോടു പറയാറുണ്ടാകുമോ? ഭൂമിയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഡെൽഫിനഗരം! സീയൂസ് ദേവന്റെ പരുന്തുകൾ ഭൂമിയെ വലംവെച്ച് ലോകത്തിന്റെ നാഭിച്ചുഴി കണ്ടെത്തിയത് ഇവിടെയാണോ?
നീയെന്താ രമ്യാ ഒന്നും പറയാത്തത്? നിനക്കിവിടെയൊക്കെ ഇഷ്ടമായോ? രാധാദേവി അവളുടെ കൈ പിടിച്ചു കുലുക്കി. ഒന്നു നോക്കൂ, ഡെൽഫിയിലെ ലോറൽമരങ്ങളുണ്ടോ ഇവിടെ എവിടെങ്കിലും എന്ന്? രമ്യയൊന്നും പറഞ്ഞില്ല. അവൾ കണ്ടത് മേഘങ്ങളെ തൊട്ടുനില്ക്കുന്ന പാറക്കെട്ടുകളെ മാത്രമാണ്. ആ ഉയരങ്ങളിൽനിന്ന് ഒരു പക്ഷിയെപ്പോലെ താഴോട്ടു പറന്നില്ലാതാകാൻ അവളാഗ്രഹിച്ചു. പെട്ടെന്ന് ഇല്ലാതാകൽ-ഒരൊറ്റ നിമിഷംകൊണ്ട്. അതിനൊരു സുഖമുണ്ട്. സ്വയം പകരംവീട്ടുന്നത് പിന്നെ എങ്ങനെയാണ്?
നിരാശയുടെ ഇരുണ്ട ഗലികളിലൂടെയുള്ള അവളുടെ ഓട്ടത്തെ എങ്ങനെയെങ്കിലും തടഞ്ഞുവെക്കണമെന്നുമാത്രമായിരുന്നു രാധാദേവിക്ക്. മകന്റെ ഭാര്യ. അതു വെറും സ്ഥാനം മാത്രമായിരുന്നു. മനസ്സിൽ സ്വന്തം മകളായിരുന്നു. അവളുടെ ഉള്ളു പിടയ്ക്കുന്നതു കാണുമ്പോൾ കത്തിത്തീരാനുള്ളതേയുണ്ടായിരുന്നുള്ളൂ ഉള്ളിലെ പച്ചമരങ്ങളൊക്കെയും. അത്രയ്ക്ക് സ്‌നേഹമാണ് തമ്മിൽത്തമ്മിൽ. അവൾ ഇങ്ങനെയൊന്നുമല്ലായിരുന്നു. എന്തൊരു കരുത്തായിരുന്നു അവളുടെ മനസ്സിന്. തെറ്റു കണ്ടാൽ പ്രതികരിക്കാൻ അവൾക്കൊരു കൂസലുമില്ലായിരുന്നു. രാധാദേവി ഓർക്കുകയായിരുന്നു, കഴിഞ്ഞ ലിറ്ററേച്ചർ ഫെസ്റ്റിന് ഒന്നിച്ചു പോയപ്പോൾ-എവിടെയും രണ്ടുപേരുമായിരുന്നല്ലോ കൂട്ട്- തിരക്കിൽ കൈ പിടിച്ച് നടക്കുകയായിരുന്നു. തിരക്ക് എന്നു പറഞ്ഞാൽ എന്തൊരു തിരക്ക്. മുന്നിൽ പൂക്കളുള്ള ഫ്രോക്കിട്ട, കാഴ്ചയിൽ കൗതുകം തോന്നുന്ന പത്തു പതിനൊന്നു വയസ്സുള്ള ഏതോ ഒരു പെൺകുട്ടിയുണ്ട്. ഇടയ്ക്ക് അവൾ മുന്നിൽ പെടും. അടുത്ത തള്ളലിൽ അവൾ തിരക്കിനുള്ളിൽ മറയും. അവളുടെ അമ്മയാകും കൂടെ ഒരു സ്ത്രീയുമുണ്ടായിരുന്നു. പെട്ടെന്നു തിരക്കിൽ നിന്നെവിടെനിന്നോ വന്ന ഒരു യുവാവിന്റെ കൈ പെൺകുട്ടിയുടെ ഫ്രോക്കിനടിയിലേക്കു നീളുന്നത് രണ്ടുപേരും ഒന്നിച്ചാണ് കണ്ടത്. പെട്ടെന്നുള്ള ഈ അതിക്രമത്തിൽ പേടിച്ചുപോയ പെൺകുട്ടിയുടെ ദയനീയവും നിഷ്‌കളങ്കവുമായ മുഖം കണ്ട് തളർന്നുപോയ രാധാദേവിയെ ഞെട്ടിച്ചുകൊണ്ട്, രമ്യ ഒരൊറ്റക്കുതിപ്പിന് ഷർട്ടടക്കം കൂട്ടിപ്പിടിച്ച് അവന്റെ മുഖത്ത് ആഞ്ഞൊരടി അടിച്ചു. അപ്രതീക്ഷിതമായ ആ ആക്രമത്തിൽ ഒരു നിമിഷം പകച്ചുപോയ ചെറുപ്പക്കാരൻ ഒരൊറ്റ കാൽമടക്കിത്തള്ളലിന് അവളെ തെറിപ്പിച്ചിട്ടശേഷം തിരക്കിലൂടെ എങ്ങോട്ടോ ഓടിപ്പോയി. അവിടെ താൽക്കാലികമായി കുഴിച്ചിട്ട മുളംകുറ്റിയിൽ വീണ് അവളുടെ നെറ്റി പൊട്ടി ചോരയൊഴുകി. അത്രയും സംഭവിച്ചു കഴിഞ്ഞശേഷമാണ് ആളുകൾ അറിയുന്നതുപോലും. ചുറ്റും കൂടിയ ആരുടെയോ വണ്ടിയിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ രാധാദേവി പറഞ്ഞു, അക്കുട്ടിയുടെ അമ്മ കൂടെ വരണോന്നുപോലും ചോദിച്ചില്ല. ചോരയുടെ നനവുള്ള ടവ്വൽ നെറ്റിയിൽ അമർത്തിക്കൊണ്ടു രമ്യ പറഞ്ഞു, അതിന് എനിക്കിപ്പം ഒന്നും പറ്റിയിട്ടില്ലല്ലോ. അമ്മയ്‌ക്കെന്താ അറിയാ? നമുക്കു വേണ്ടാത്ത കാര്യങ്ങൾ കാണാതിരിക്കാനും കാണേണ്ട കാര്യങ്ങളെ സെലക്ട് ചെയ്തു കാണാനുമുള്ള അത്ഭുതശക്തിയുള്ള ആൾക്കാരാ നമുക്കു ചുറ്റുമുള്ളത്. ആർക്ക് എന്തു സംഭവിച്ചാലും ആർക്കും ഒന്നുമില്ല. കൂടുതലൊന്നും സംഭവിക്കാത്തതുകൊണ്ട് ഇതു നാലാളറിഞ്ഞതിലുള്ള നാണക്കേടു മാത്രമേ അവളുടെ അമ്മയ്ക്കും ഉണ്ടാകൂ. അങ്ങനെ നോക്കുമ്പോൾ ഞാനവരുടെ ശത്രുവല്ലേ…
മുന്നിൽ നിശ്ശബ്ദയായി നടക്കുകയാണ് അവൾ.
എന്തിന്റെയോ പേരിൽ അവൾ ഈയിടെയായി കടുത്ത നിരാശ അനുഭവിക്കുന്നില്ലേന്ന് അവർക്ക് തോന്നിത്തുടങ്ങിയിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായം അവൾക്ക് ആവശ്യമുണ്ടെന്നു തോന്നുന്നു. ഏതായാലും അരുൺ വരട്ടെ. ഏതാലും നാളെ അവനിവിടെ എത്തുമല്ലോ. അതുവരെ ഈ ചെറിയ യാത്രകൾ അവളുടെ മനസ്സിനെ സന്തോഷിപ്പിക്കുമെങ്കിൽ അങ്ങനെ ആകാലോ. ഇവിടുന്നു കിട്ടുന്ന ഏതെങ്കിലും വാക്കുകൾ, കാഴ്ചകൾ അവൾക്കു പ്രത്യാശ നല്കിയാലോ… അതുകൊണ്ടുമാത്രമാണ് പോന്നത്. ഇത്ര ദിവസംതന്നെ വൈകിയത് ഗുരിക്കൾമാഷെ ഒന്നു ഒത്തുകിട്ടാത്തതുകൊണ്ടാണ്. മാഷ് കുടുംബസുഹൃത്താണ്. ഒപ്പം ജോലി ചെയ്തിരുന്ന ആളുമാണ്. മാഷ്‌ക്ക് ഇവിടത്തെ പരികർമിയെ പരിചയമുണ്ട്. അയാളെ കൂടെക്കൂട്ടിയതിന് അതും ഒരു കാരണമാണ്.
‘രമ്യാ, ഈ വഴികളൊക്കെ നല്ല പരിചയം തോന്നുന്നില്ലേ? ഏതോ ജന്മങ്ങളിൽ നമ്മൾ നടന്നുപോയ വഴികളായിരിക്കാം ഇത്,’ മാഷ് പറഞ്ഞു.
രമ്യ തല പൊന്തിച്ചതുകൂടെയില്ല. മാഷ് പറഞ്ഞത് കേട്ടോ എന്നുപോലും അറിയില്ല. മാഷ് അവളുടെ ചുമലിൽ തട്ടി: നിനക്ക് ഇഷ്ടമില്ലാത്തപ്പോൾ നീ സംസാരിക്കണ്ട. ചുറ്റുമുള്ളവർക്കുവേണ്ടി നീ നിന്നെ വെട്ടിച്ചെറുതാക്കുകയോ നീട്ടിയെടുക്കുകയോ ചെയ്യണ്ട. നീ നീയായിരുന്നാൽ മതി. ‘നിങ്ങൾ നിങ്ങളെത്തന്നെ അറിയുക-know thyself- ‘എന്ന് ഡെൽഫിയിലെ പില്ലറുകളിലൊന്നിൽ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നുപോലും.
ഗുരിക്കൾമാഷ് പറഞ്ഞു, ‘ഞാൻ ഇവിടെ എവിടെങ്കിലും ഉണ്ടാകും. നിങ്ങൾ പോയി കണ്ടുവരൂ.’
തകർന്നടിഞ്ഞ ഈ ക്ഷേത്രത്തിന്റെ അപ്പുറത്ത് പാണപ്പാറയിലേക്കു ചാഞ്ഞിറങ്ങി നില്ക്കുന്ന കറുത്ത മേഘങ്ങളുള്ള ആകാശമുണ്ട്. അതിൽനിന്ന് വെള്ളിച്ചീളുകൾപോലെ ചെറിയ വെയിൽവെട്ടങ്ങൾ ഇടയ്ക്കിടെ വന്നുവീണുകൊണ്ടിരുന്നു.
പ്രകൃതിയൊരുക്കിയ ആ വിസ്മയം കണ്ടുതീരുംമുമ്പ് പരികർമി വന്ന് മുന്നിലെ തണൽവഴിയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു, കാലും മുഖവും കഴുകി വരൂ എന്ന്. രമ്യയെയുംകൊണ്ടു വെള്ളത്തിന്റെ പച്ചച്ച തണുപ്പിലേക്കു കാലെടുത്തുവെച്ചപ്പോൾ പേരറിയാത്ത വെളുത്തപൂക്കൾ പാദങ്ങളെ വലം വെച്ചുകടന്നുപോയി. അവൾ രാധാദേവിയുടെ കൈ മുറുകെ പിടിച്ചു.
പരികർമി പറഞ്ഞു, അമ്മ ധ്യാനത്തിലാണ് കാത്തിരിക്കേണ്ടിവരും. പറഞ്ഞാലും ഒന്നോ രണ്ടോ വാക്കേ പറയൂ. പക്ഷേ, അതു മതി. അതുതന്നെ ധാരാളം.
കുറച്ചിരുന്നതും രമ്യ തിടുക്കപ്പെടാൻ തുടങ്ങി, മതി, വേണ്ട, പോവ്വാ പോവ്വാ എന്ന് ആംഗ്യത്തിൽ, കൈയിലമർത്തിക്കൊണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി അരുണിന്റെ ഫോൺപോലും അവൾ അറ്റന്റു ചെയ്യുന്നില്ല.
‘ഇന്നലെ, നീയെന്താ ഫോണെടുക്കാത്തതെന്ന് എന്നെയാണ് അവൻ വിളിച്ചുചോദിക്കുന്നത്. ഞാനെന്താ പറയേണ്ടത്?’ രാധാദേവി അവളോടു ചോദിച്ചു, ‘നാളെ അരുൺ എത്തുമെന്ന് അറിയാലോ….’
പെട്ടെന്ന് അവളെഴുന്നേറ്റു നടക്കാൻതുടങ്ങി. അതൊരു ഭ്രാന്തുപിടിച്ച നടത്തമായിരുന്നു. രാധാദേവിക്കു പേടി തോന്നി. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും..! ഇടിഞ്ഞു തൂങ്ങിനിൽക്കുന്ന കല്ലുകൾ…
എവിടെനിന്നോ പരികർമി ഓടിവന്ന് പറഞ്ഞു, ‘അമ്മ ധ്യാനത്തിൽനിന്ന് ഉണർന്നിരിക്കുന്നു. അകത്തേക്കു ചെല്ലൂ.’
‘അവൾ കൂട്ടാക്കുന്നില്ല. അവൾക്കു പോവണംത്രേ. ഞാൻ പോവാണ്‌ട്ടോ. പിന്നെയൊരിക്കലാവാം,’ വിഷമത്തോടെ അവർ പറഞ്ഞു.
ഡെൽഫിയിലെ വെളിച്ചപ്പാടിയെപ്പോലെ മുക്കാലിപ്പീഠത്തിലിരുന്നു മനുഷ്യസങ്കടങ്ങളെ നിഗൂഢഭാഷയിൽ നിർദ്ധാരണം ചെയ്ത് ദൈവത്തെ അറിയിക്കുന്നവളെ കാണാൻ കഴിയാഞ്ഞതിൽ രാധാദേവിക്കു വിഷമം തോന്നി. ഒന്നിനും വേണ്ടിയിട്ടല്ല വെറുതെ. അതു വായിച്ചെടുത്തെന്നവണ്ണം പരികർമി ചോദിച്ചു:
‘ഞാൻ പോയി ആ കുട്ടിയെ പിടിച്ചുകൊണ്ടുവരട്ടെ?’
‘വേണ്ട. വേണ്ട. അവളെ തൊടരുത്,’ രാധാദേവി വിലക്കി.
പെട്ടെന്നു പരികർമിയുടെ മുഖമൊന്നു വിളറി.
ദക്ഷിണ കൊടുക്കാൻ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഏതാനും നോട്ടുകളെടുത്ത്, കൈയിൽ വെച്ചുകൊടുത്തപ്പോഴാണ് അയാളാകെയൊന്നു തെളിഞ്ഞത്.
‘പുറത്ത് നിങ്ങളുടെ വരവ് അറിഞ്ഞപ്പോൾ അമ്മ ആദ്യം പറഞ്ഞത്, അസ്ത ധീ എന്നാണ്. ബുദ്ധി അസ്തമിച്ചു എന്ന്… ആരാണ് മകളാണോ? ‘
‘അതേ. മകൾ’ എന്നു പറഞ്ഞുകൊണ്ട് രാധാദേവി അവൾക്കു പിറകേ ഓടി. ഗുരിക്കൾമാഷ് പരികർമിയോട് സംസാരിച്ചുനിൽക്കുന്നത് തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു.
അവർക്കു വിഷമം തോന്നി. വേണ്ടിയിരുന്നില്ല. തറവാട്ടിൽ ചെന്നാൽ ഇപ്പോൾ എല്ലാവരും കളിയാക്കി കൊല്ലും. ഇതു കേൾക്കാനാണോ അവിടെ പോയത് എന്നു ചോദിക്കും.
ഇന്നലെ തറവാട്ടിൽ ചെന്നപ്പോൾ പാണപ്പാറയിൽ പോകുന്ന കാര്യം പറഞ്ഞസമയത്ത്, ‘വലിയമ്മയ്‌ക്കെന്താ വട്ടുണ്ടോ’ എന്നാണ് അനിയത്തിയുടെ മകൻ നന്ദു ചോദിച്ചത്. ‘എവിടെനിന്നോ എന്നോ, എപ്പഴോ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീ ഭ്രാന്തെടുത്തു വിളിച്ചു പറയണതു കേൾക്കാനാണോ പോണത്?
‘നന്ദുട്ടാ, നമ്മൾക്ക് ഒരു പ്രശ്‌നം വന്നാലേ മനസ്സിലാകൂ. രക്ഷ കിട്ടാൻ നമ്മൾ ഏതു വഴിയും നോക്കും. ഇന്നത് എന്നില്ല. അവിടെ ഒരു ലോജിക്കും പ്രവർത്തിക്കില്ല. രക്ഷപ്പെടുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടാകൂ. മനസ്സിന്റെ പ്രശ്‌നം വല്ലാത്തതാണ്. ശാരീരികമായ എന്തെങ്കിലും അസുഖമുള്ളവരെ സപ്പോട്ട് ചെയ്തു കൂടെ നില്ക്കാൻ പ്രയാസമില്ല. മാനസികനില തകർന്നവരുടെ കൂടെ നില്ക്കണത് അങ്ങനെയല്ല. ഉത്സാഹത്തിൽ ഓടിച്ചാടി നടന്നിരുന്ന കുട്ടിയല്ലേ, ജോലിക്കൊക്കെ പോയ്‌ക്കൊണ്ടിരുന്നതല്ലേ. ഒരാഴ്ചയായി ഒന്നും മിണ്ടുന്നില്ല. ഭക്ഷണവും കഴിച്ചാലായി ഇല്ലെങ്കിൽ ഇല്ല. പേടിയാവുന്നു. അരുൺ വരാറായതല്ലേ?’
‘ഈ രാധേടത്തിക്കെന്താ അവളേം പിടിച്ചോണ്ടിരിക്കാൻ? അവളെ അവളുടെ വീട്ടി കൊണ്ടന്നാക്ക്. അവൾ എന്തെങ്കിലും ചെയ്താൽ രാധേടത്തി ജയിലിൽ പോവണ്ടിവരും. ഇപ്പോൾ ചിരിച്ചോണ്ടിരിക്കുന്ന അവളുടെ വീട്ടുകാരുടെ തനിനിറം അപ്പോ കാണാം,’ അനിയത്തി ഉപദേശിച്ചു.
‘അവളങ്ങനയല്ലായിരുന്നു എന്നോട്. മകന്റെ ഭാര്യ എന്ന നിലയിലല്ലായിരുന്നു. എന്റെ കുട്ടിയായിരുന്നു,’ രാധാദേവി കരയാൻ തുടങ്ങി, ‘അരുൺ ഇവിടെ ഉണ്ടായിട്ടൊന്നുമല്ലല്ലോ എല്ലാ ആഴ്ചയും രണ്ടു ദിവസം എന്റടുത്തു വന്നുനില്ക്കും. ഞങ്ങൾ പുറത്തൊക്കെ ചുറ്റിയടിക്കും. സിനിമയ്ക്കു പോകും. റിട്ടയർമെന്റിന്റെ മടുപ്പ് ഞാനറിയാഞ്ഞത് അവളുള്ളതുകൊണ്ടായിരുന്നു. പെട്ടെന്നാ ഇങ്ങനെയൊക്കെ ആയത്. കഴിഞ്ഞ ആഴ്ച അവളു വന്നപ്പോഴൊന്നും എനിക്കൊന്നും തോന്നിയിരുന്നില്ല. പിന്നെ എപ്പഴാ ഇങ്ങനെയായത് എന്ന് എനിക്കറിയില്ല. അവന് അവിടത്തെ പണി മതിയാക്കി ഇങ്ങോട്ടുപോന്നൂടേ? ഇവിടേം മോശമില്ലാത്ത ശമ്പളം കിട്ടൂല്ലേ? അവൾക്കും ഒരു ജോലിയില്ലേ? സ്‌നേഹായിട്ട് ജീവിച്ചൂടെ അവർക്ക്. അവന്റെ കുഴപ്പംകൊണ്ടാ അവളിങ്ങനെ ആയത്. സ്‌നേഹത്തോടെ അതിനോടൊന്നും പറയില്ലെന്നേ…
കഴിഞ്ഞമാസം അവളുടെ ഓഫീസിൽനിന്ന് ആരോ ട്രാൻസ്ഫറായി പോയപ്പോൾ അവളാകെ മൂഡോഫിലായിരുന്നു. എന്റടുത്തു വന്ന് കരച്ചിലും പിഴിച്ചിലും തന്നെയായിരുന്നു കുറേ ദിവസം. ട്രാൻസ്ഫർ കിട്ടിയത് അവളുടെ ഏറ്റവും അടുത്ത ഫ്രൻഡിനായിരുന്നത്രേ. ഒറ്റക്കുട്ടിയായാലുള്ള പ്രശ്‌നമിതാണ്. ആരോടും ഒന്നും പറയാനില്ല. ഞാൻ നിന്നോടു പറയണതുപോലെ പറയാൻ അവൾക്കാരുമില്ലല്ലോ. അച്ഛനോടും അമ്മയോടുമൊക്കെ ഇത്രേന്നില്ലേ പറയ്യാ. അന്നേരം ഞാൻ ചേർത്തുപിടിച്ച് അവിടേം ഇവിടേം കൊണ്ടുനടന്നതുകൊണ്ട് വല്യ പ്രശ്‌നൊന്നുമില്ലാതെ അതങ്ങനെ കഴിഞ്ഞുകിട്ടി. അവളുടെ വീട്ടുകാരുപോലും ഇത് അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, ഇപ്പോൾ പറയാലോ, ഞാൻ അന്ന് പേടിച്ചുപോയിരുന്നു.’
അനിയത്തി ഇടയിൽക്കയറി പറഞ്ഞു:
‘ഞാൻ ഉള്ളതു പറയണതുകൊണ്ട് രാധേടത്തിക്കൊന്നും തോന്നണ്ട. അവള കാര്യത്തിൽ രാധേടത്തിക്ക് ഇത്തിരി മാഞ്ഞാലം കൂടുതലാ. അവന്റടുത്ത് ഇപ്പറഞ്ഞതിൽ എവിടെയാ തെറ്റുള്ളത്? നല്ലപ്പം ഇത്തിരി പണം സമ്പാദിക്കാമെന്നു കരുതുന്നത് തെറ്റാണോ? എപ്പഴും മാഞ്ഞാലം പറഞ്ഞിരിക്ക്യാ വേണ്ടത്? പിന്നെ രാധേടത്തിക്കുതന്നെ ബുദ്ധിമുട്ടാവാതിരിക്കാനാണ് ഞാനിതൊക്കെ പറയണത്. ഇനി രാധേടത്തിയുടെ ഇഷ്ടംപോലെ.’
‘ഞാനവനെ കുറ്റം പറഞ്ഞതൊന്നുമല്ല തങ്കം. ഒരുപാട് സീരിയസായി ജീവിതത്തെ കാണേണ്ട കാര്യമൊന്നുമില്ലെന്നു പറയുകയായിരുന്നു. അതിനുമാത്രം ഗൗരവമുള്ളതൊന്നുമല്ല ജീവിതം. ജീവിച്ചുപോവാനുള്ളത്ര പണം, ഇത്തിരി സ്‌നേഹം, ഞാനുണ്ടെന്ന ബോധ്യപ്പെടുത്തൽ ഇതൊക്കെ ഉണ്ടെങ്കിൽ പിന്നെന്താ വേണ്ടത്?
‘പിന്നെ വലിയമ്മേ… നന്ദു വിളിച്ചുപറഞ്ഞു, ഈ വെളിച്ചപ്പാട് എന്നു പറയണതൊക്കെ ഒരു കഥയാ.
ഡെൽഫിയിലെ വെളിച്ചപ്പാടിയില്ലേ? അതിനെപ്പറ്റിയുള്ള ജിയോളജിക്കൽസ്റ്റഡീസ് പറയണത് എന്താന്നറിയോ പർനസ്സസ് പർവ്വതത്തിലെ പാറക്കെട്ടുകൾക്കിടയിൽനിന്നുവരുന്ന ഹൈഡ്രോ കാർബൺ ഗ്യാസ് ശ്വസിച്ചിട്ടാണ് വെളിച്ചപ്പാടിക്ക് ഹാലുസിനേഷൻ ഉണ്ടായിരുന്നതെന്നാണ്.
ആയിക്കോട്ടെ നന്ദൂ, രാധാദേവി പറഞ്ഞു, ഞാനിതൊക്കെ വിശ്വാസത്തിന്റെ ബലത്തിലെടുക്കാനല്ല ഉദ്ദേശിച്ചത്. ചെറുതായൊരു ചാഞ്ചാട്ടം വന്ന മനസ്സിനെ തിരിച്ചുകൊണ്ടുവരാൻ ഏതെങ്കിലും ഒരു ചിന്തയ്ക്ക്, കാഴ്ചയ്ക്ക് ആയാലോ? അത്രയേ ഉദ്ദേശിച്ചിട്ടൊള്ളൂ. പിന്നെ വേറൊരു കാര്യം എന്താന്നറിയോ, സയൻസിന്റെയും സംഗീതത്തിന്റെയും നാടായ ഗ്രീസിൽത്തന്നെയാണ് ആ വെളിച്ചപ്പാടിയും ഉണ്ടായിരുന്നതെന്ന് ഓർക്കണം. മനുഷ്യമനസ്സിനെക്കാൾ ഇത്തിരികൂടി കുഴഞ്ഞുമറിഞ്ഞതാ അവനുണ്ടാക്കിയ സമൂഹം. എളുപ്പം പിടിതരില്ല. ഐൻസ്റ്റീന്റെ തിയറീസൊക്കെ നീ പഠിച്ചതല്ലേ… അദ്ദേഹത്തിന്റെ സയൻസ് ഏന്റ് റിലിജിയൻ എന്നൊരു എസ്സേ ഉണ്ട്. ഒന്നു ഗൂഗിൾചെയ്തു വായിച്ചോളൂട്ടോ, ഞാൻ പോയി വരുമ്പഴേക്കും.’
അതും പറഞ്ഞിറങ്ങിപ്പോന്നതാണ് ഇന്നലെ. എന്നിട്ടെന്തായി?
രമ്യാ നീ ഇതെവിടെപ്പോയി? അതാ അവൾ. ദൂരെ പാറക്കെട്ടിനു മുകളിലേക്കുള്ള കയറ്റത്തിൽ.
രാധാദേവി അവൾക്കു പിറകേ ഓടിക്കയറിക്കൊണ്ടിരുന്നു. അവൾ മുകളിലേക്ക് മുകളിലേക്കു കയറുകയാണ്. രാധാദേവി വിളിച്ചുപറഞ്ഞു, ‘രമ്യാ ഓർത്തോളൂ. ഞാൻ ചെറുപ്പമല്ല. എനിക്കു വയസ്സായതാണ്. നീ താഴോട്ടിറങ്ങി വാ…..’
ഒരു മുഴക്കത്തോടെ അവളുടെ ശബ്ദം താഴോട്ടു വന്നു:
‘ ഞാനിനി താഴോട്ടു വന്നിട്ട് ഒരു കാര്യോമില്ല അമ്മാ. ഞാൻ ആ പഴയ ആളല്ല. ആ പഴയ ആളാവാനുള്ള ഒരു നന്മയും ഇപ്പോൾ എന്റടുത്തില്ല. അമ്മ പൊയ്‌ക്കോ. അമ്മയെ എനിക്കു ഭയങ്കര ഇഷ്ടായിരുന്നു.’
‘ ഞാൻ പോവൂല രമ്യാ. നിന്നെ വിട്ട് ഞാൻ പോവൂല. നിന്റെ നന്മയെ ഇല്ലാതാക്കാൻ ഈ ഭൂമിയിലൊന്നിനും പറ്റൂല,’ രാധാദേവി ആർത്തുവിളിച്ചുകൊണ്ടിരുന്നു. പെട്ടെന്നു ഭയങ്കരശബ്ദത്തോടെ പെയ്ത കനത്ത മഴയിൽ അടർന്നുനിന്ന കല്ലുകൾ അവരെയും കൊണ്ട് ചുവന്നമണ്ണിനൊപ്പം ഒഴുകിയിറങ്ങി.
അനിത എം.പി.
വരദ
നീലാങ്കണ്ടി പറമ്പ്
പി.ഒ. ഗോവിന്ദപുരം
കോഴിക്കോട് 16
ഫോൺ:8921428055
anithampvarada@gmail.com
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here