ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ ആം ആദ്മി പാര്‍ട്ടി- ബിജെപി പോര് രൂക്ഷം. ന്യൂഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ആക്രമിച്ചവര്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മയുടെ അനുയായികള്‍ തന്നെയെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അക്രമികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും അതിഷി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, ഇവര്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍മാര്‍ ആണെന്നും ഇവരെ വാഹനം കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി ബിജെപി പൊലീസില്‍ പരാതി നല്‍കി.
ദില്ലിയില്‍ പ്രചാരണരംഗം ചൂടുപിടിക്കുന്നതിനിടെ ബിജെപിയും എഎപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. അക്രമം അഴിച്ചുവിട്ടവരുടെ വിശദാംശങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. ഷാങ്കി, രോഹിത് ത്യാഗി എന്നിവര്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകരാണെന്നും സ്ഥാനാര്‍ഥിയായ പര്‍വേഷ് വര്‍മയുടെ അടുത്ത അനുയായികള്‍ ആണെന്നും അതിഷി പറഞ്ഞു. ഷാങ്കി എന്നറിയപ്പെടുന്ന രാഹുലിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടന്നും ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അതിഷി വ്യക്തമാക്കി.
Read Also: ഒടുവിൽ കേന്ദ്രം വഴങ്ങുന്നു? ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷകരുമായി ചർച്ച നടത്തിയേക്കും
അതേസമയം, അക്രമികള്‍ ന്യൂഡല്‍ഹിയിലെ വോട്ടര്‍മാരാണെന്നും ഇവരെ വാഹനം കയറ്റി കൊലപ്പെടുത്താന്‍ ഉള്ള ശ്രമം കെജ്രിവാള്‍ നടത്തിയെന്നുമാണ് ബിജെപിയുടെ ന്യായീകരണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിജെപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന ദില്ലിയില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ അവസാനിക്കും. ത്രികോണ മത്സരം നടക്കുന്ന രാജ്യതലസ്ഥാനത്ത് ദേശീയ നേതാക്കളെ അടക്കം പ്രചാരണത്തിനിറക്കാനാണ് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും തീരുമാനിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here