ഏഴു നവജാത ശിശുക്കള്‍ തീപിടുത്തത്തില്‍ മരിച്ച ദില്ലിയിലെ ആശുപത്രിയില്‍ ഗുരുതര സുരക്ഷ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഇല്ലെന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ദില്ലി പൊലീസ്. സംഭവത്തില്‍ ആശുപത്രി ഉടമയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കന്‍ ദില്ലിയിലെ വിവേക് വിഹാറില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകട വ്യാപ്തി കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം ആശുപത്രിയില്‍ ഗുരുതര സുരക്ഷ വീഴ്ചകളുണ്ടായിരുന്നതായി പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചെന്നും ആയുര്‍വേദ ഡോക്ടര്‍മാരാണ് നവജാതശിശുക്കളെ പരിചരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈസന്‍സ് കാലാവധി കഴിഞ്ഞാല്‍ പരമാവധി 5 രോഗികളെ മാത്രമേ കിടത്തി ചികിത്സിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ അപകടസമയത്ത് 12 കുഞ്ഞുങ്ങളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിനുപുറമേ ആശുപത്രിയില്‍ അഗ്‌നിശമന ഉപകരണങ്ങളോ എമര്‍ജന്‍സി എക്‌സിറ്റോ ഇല്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഫില്ലിങ് കേന്ദ്രത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: ആപ്പിളിന്റെ ഫോള്‍ഡബിള്‍ മാക്ക്ബുക്ക് വരുന്നു; കിടിലം ഫീച്ചറുകള്‍ അറിയാം!
അപകടസ്ഥലത്തുനിന്ന് 32 സിലിണ്ടറുകള്‍ കണ്ടെത്തിയിരുന്നു. അഗ്‌നിരക്ഷാ വിഭാഗത്തില്‍നിന്ന് ആശുപത്രി എന്‍ഒസി വാങ്ങിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഒളിവില്‍ പോയ ആശുപത്രി ഡയറക്ടര്‍ ഡോ. നവീന്‍ കിച്ചിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആകാശും അറസ്റ്റിലായിട്ടുണ്ട്. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം ആശുപത്രിക്ക് എതിരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. നവജാത ശിശുവിനെ ഉപദ്രവിച്ചതിന് നഴ്‌സിനെതിരെ 2021 ല്‍ കേസ് എടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here