ദില്ലി ചലോ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ച് കേന്ദ്രം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.
ഹരിയാന പൊലീസിന്‍റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. അവസാന നിമിഷം കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് തീരുമാനംഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുമ്പോട്ട് പോകുമെന്ന് കർഷക സംഘടന നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.
കര്‍ഷക മാര്‍ച്ച് തടയുന്നതിനായി കോണ്‍ക്രീറ്റ് ബീമുകള്‍, മുള്‍വേലികള്‍, ആണികള്‍, വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകള്‍ പൊളിക്കാന്‍ സമരക്കാര്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാര്‍ക്കും നിര്‍ദ്ദേശമുണ്ട്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊളിക്കാന്‍ ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കര്‍ഷകരും ഒരുക്കിയിട്ടുണ്ട്. 1200 ട്രാക്ടര്‍ ട്രോളികള്‍, 300 കാറുകള്‍, 10 മിനി ബസുകള്‍ എന്നിവയുമായി 14,000 കര്‍ഷകരാണ് സമരരംഗത്തുള്ളത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഗ്യാരന്റി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം പുനരാരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here