കർഷകരുടെ ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിട്ട് പൊലീസ്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പത്തോളം കർഷകർക്ക് പരുക്കേറ്റതിനു പിന്നാലെ മാർച്ച് ഇന്നത്തേക്ക് നിർത്തി. അതേസമയം പ്രതിഷേധവുമായി കർഷകർ ശംഭു അതിർത്തിയിൽ തന്നെ തുടരും. കൂടിയാലോചനകൾക്ക് ശേഷം സമര പരിപാടികൾ തീരുമാനിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ ദില്ലി ചെലോ മാർച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് പുനരാരംഭിച്ചത്. ശംഭു അതിർത്തിയിൽ നിന്നും ആരംഭിച്ച മാർച്ചിനെ തടയാൻ കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പ്ദണ്ഡും ഉൾപ്പെടെ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച കർഷകരുടെ മാർച്ച് കിലോമീറ്ററുകൾ പിന്നിടുന്നതിനു മുൻപേ പൊലീസ് തടഞ്ഞു, മാത്രമല്ല 101 ഓളം വരുന്ന കർഷകരുടെ തിരിച്ചറിയൽ കാർഡുകൾ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ കർഷകരും പൊലീസും തമ്മിൽ വാക്കേറ്റമായി.
Also read: ഹൈദരാബാദിൽ ഭക്ഷ്യപരിശോധനയിൽ പിടിച്ചെടുത്തത് 92.47 ലക്ഷം വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി
തിരിച്ചറിയൽ കാർഡ് നൽകിയാലും ദില്ലിയിലേക്ക് മാർച്ച് നടത്താൻ അനുമതില്ലെന്നായിരുന്നു പൊലീസ് നിലപാട്. തുടർന്ന് പഞ്ചാബ് ഹരിയാന അതിർത്തി സംഘർഷഭരിതമായി. മാർച്ചുമായി മുന്നോട്ട് പോകുമെന്ന് കർഷകർ നിലപാട് കടുപ്പിച്ചതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസ് അക്രമത്തിൽ ഒമ്പതോളം കർഷകർക്ക് പരുക്കേറ്റു. മണിക്കൂറുകൾ കർഷകർ അതിർത്തിയിൽ പ്രതിഷേധിച്ചു. അതിനു ശേഷമാണ് ഇന്നത്തേക്ക് മാർച്ച് അവസാനിപ്പിക്കുന്നതായും എന്നാൽ പ്രതിഷേധവുമായി ശംഭു അതിർത്തിയിൽ തുടരുമെന്നും കർഷകർ അറിയിച്ചത്. കൂടിയാലോചനകൾക്ക് ശേഷം തുടർന്നുള്ള സമരപരിപാടികൾ തീരുമാനിക്കും.
മിനിമം താങ്ങുവില നിയമപരമാക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കർഷകർ മാർച്ച് ആരംഭിച്ചത്. ഇന്നത്തേതിന് സമാനമായി ഹരിയാന പൊലീസ് മാർച്ച് തടയുകയും കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തുമെന്നും ഉറപ്പു നൽകി. എന്നാൽ ഈ ഉറപ്പ് കേന്ദ്രസർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് വീണ്ടും ദില്ലി ചല മാർച്ചുമായി കർഷകർ രംഗത്തിറങ്ങിയത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here