ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലിലെത്തിച്ചു. തിഹാറിലെ രണ്ടാം നമ്പര്‍ മുറിയിലാകും കെജ്‌രിവാളിനെ പാര്‍പ്പിക്കുക. അതേസമയം ജയിലിന് പുറത്ത് പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകരെത്തി.
ബിജെപിയുടെ ഓപ്പറേഷന്‍ താമര നീക്കത്തിനെതിരെ പരാതിയുമായി ആം ആദ്മി പാര്‍ട്ടിയുടെ വനിതാ എംഎല്‍എയും രംഗത്തുണ്ട്. ബിജെപിയില്‍ ചേരാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അധിക സുരക്ഷ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പരാതില്‍ ലുധിയാന പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ലുധിയാന സൗത്ത് എംഎല്‍എ രജീന്ദര്‍പാല്‍ കൗര്‍ പരാതിയുമായി രംഗത്തെത്തിയത്. ബിജെപിയില്‍ ചേരാന്‍ തനിക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കൗര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബിജെപി ദില്ലി ഓഫീസില്‍ നിന്ന് സേവക് സിംഗ് എന്നയാളാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ വിളിച്ചത്. പാര്‍ലമെന്റ് അംഗത്വമോ കേന്ദ്രസര്‍ക്കാരിലെ മറ്റേതെങ്കിലും ഉന്നത പദവിയോ ബിജെപി ടിക്കറ്റോ വാഗ്ദാനം ചെയ്തതായും എംഎല്‍എ വെളിപ്പെടുത്തി. രജീന്ദര്‍പാല്‍ കൗറിന്റെ പരാതിയില്‍ ലുധിയാന പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൈക്കൂലി വാഗ്ദാനം ചെയ്യുക, ജനപ്രാതിനിധ്യ നിയമത്തിലെ 123 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിഷയം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ സ്വീഡന്‍ നമ്പര്‍ ഉപയോഗിച്ചാണ് കോള്‍ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്റെ ഏഴ് എംഎല്‍എമാര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് അരവിന്ദ് കരെജ്രിവാള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.
കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപിക്ക് കനത്ത തിരിച്ചടിയായി, ജലന്ധറിലെ സിറ്റിംഗ് എംപി സുശീല്‍ കുമാര്‍ റിങ്കുവും എംഎല്‍എ ശീതള്‍ അംഗുറലും ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. പിന്നാലെയാണ് രജീന്ദര്‍പാല്‍ കൗറിനെയും മറുകണ്ടം ചാടിക്കാനുളള ബിജെപിയുടെ ശ്രമം. പരാതിയില്‍ കേസെടുത്ത ലുധിയാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here