ദില്ലിയിൽ പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും ബിജെപിയും. മുഖ്യമന്ത്രിയും കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അതിഷി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ദില്ലിയിൽ ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന് ജനങ്ങൾ പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് അതിഷി പ്രതികരിച്ചു. അതേസമയം കെജ്രിവാളിന്റെ പൂർവാഞ്ചൽ പരാമർശം പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.
ദില്ലിയിൽ പ്രചാരണ രംഗം ചൂട് പിടിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ആം ആദ്മി പാർട്ടിയുടെ ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന് വലിയ പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. 24 മണിക്കൂറിനുള്ളിൽ ജനങ്ങളിൽ നിന്നും പതിനെട്ടര ലക്ഷം രൂപയിലേറെ സംഭാവന ലഭിച്ചെന്ന് അതിഷി പ്രതികരിച്ചു. ജനങ്ങൾക്ക് ആം ആദ്മി പാർട്ടിയോടുള്ള വിശ്വാസ്യതയാണ് ഇതിലൂടെ തെളിയുന്നതെന്നും അതിഷി വ്യക്തമാക്കി.
അതേസമയം പൂർവാഞ്ചൽ വിഭാഗത്തിന്റെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ബിജെപിയുടെ പ്രചാരണം. കെജ്രിവാളിന്റെ പൂർവാഞ്ചൽ പരാമർശത്തെ പ്രചരണ ആയുധമാക്കി ബിജെപി ഇന്നും പോസ്റ്ററിറക്കി. ദില്ലിയിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കിയാണ് ആം ആദ്മി പാർട്ടി ബിജെപിക്ക് മറുപടി നൽകിയത്. കോൺഗ്രസിനായി ഇന്ന് രാഹുൽഗാന്ധിയും സിലംപൂരിലെ പ്രചാരണ റാലിയിൽ പങ്കെടുക്കും. ഫെബ്രുവരി അഞ്ചിനാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here