ദില്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 29 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ പർവേഷ് വർമ്മയാണ് ബിജെപി സ്ഥാനാർഥി. ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കൽക്കാജിയിൽ രമേശ് ബിധുരി മത്സരിക്കും. അതേസമയം ആം ആദ്മി പാർട്ടി 70 നിയമസഭാ മണ്ഡലങ്ങളിലും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്ത് വിട്ടത്.
മുൻ ലോക്സഭാ എംപി പർവേശ് വർമയെയാണ് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജരിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ പരീക്ഷിക്കുന്നത്. ദില്ലി മുൻ മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് കോൺഗ്രസ് സ്ഥാനർത്ഥിയായും മത്സര രംഗത്തുണ്ട്.
ALSO READ; റോഡിൽ നിന്നും സൈനിക ട്രക്ക് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞു, ജമ്മു കശ്മീരിൽ 4 സൈനികർക്ക് വീരമൃത്യു
ബിജെപിയുടെ മുതിർന്ന നേതാവ് രമേശ് ബിദുരി മുഖ്യമന്ത്രി അതിഷി മർലേ നക്കെതിരെ കൽക്കാജിയിലും മത്സരിക്കും. അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക ലാംബയെയാണ് കൽക്കാജിയിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയിൽ നിന്ന് കഴിഞ്ഞവർഷം ബിജെപിയിൽ ചേർന്ന മുൻ മന്ത്രിമാരായ രാജ്കുമാർ ആനന്ദ്, കൈലാഷ് ഗെഹ്ലോട്ട് എന്നിവർക്കും ടിക്കറ്റ് നൽകി.
ബിജെപിയുടെ ഗാന്ധിനഗർ എംഎൽഎയയായ അനിൽ ബാജ്പേയിയെ ഒഴിവാക്കി മുൻ ദില്ലി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയെ കളത്തിലിറക്കി. സിറ്റിങ് ബിജെപി എംഎൽ എ മാരായ വിജേന്ദർ ഗുപ്ത, ഓം പ്രകാശ് ശർമ, അജയ് മഹാവാർ,ജിതേന്ദർ മഹാജൻ എന്നിവർ രോഹിണി, വിശ്വാസ് നഗർ, ഗോണ്ട, രോഹ്താസ് നഗർ എന്നിവിടങ്ങളിൽ നിന്നും വീണ്ടും ജനവിധി തേടും. ആം ആദ്മിയിൽ നിന്നും ബിജെപിയിലെത്തിയ നേതാക്കളെ രംഗത്തിറക്കി ദില്ലിപിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
അതേസമയം 70 നിയമസഭാ മണ്ഡലങ്ങളിലേക്കും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി കടുത്ത ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വോട്ട് അട്ടിമറിക്കാനും ക്ഷേമ പദ്ധതികളെ തുരംഗം വെക്കാനുമുള്ള ബിജെപി കോൺഗ്രസ് നീക്കം പരാജയഭീതിയെത്തുടർന്നാണെന്ന് ആം ആദ്മി പാർട്ടി ആ ആരോപിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here