ദില്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടി – ബിജെപി പോര് രൂക്ഷം. പൂർവാഞ്ചൽ വിഭാഗങ്ങൾക്കെതിരായ വ്യാജ വോട്ടർ പരാമർശത്തിൽ കെജ്രിവാളിന്‍റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെജ്രിവാൾ ഉത്തർപ്രദേശ് – ബീഹാർ ജനങ്ങളെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം പൂർവാഞ്ചൽ വിഭാഗങ്ങളെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നുഴഞ്ഞു കയറ്റക്കാരെന്ന് വിളിച്ചതിൽ മറുപടിയില്ലേയെന്ന് ആം ആദ്മി തിരിച്ചടിച്ചു.
പൂർവാഞ്ചൽ വിഭാഗക്കാർ വ്യാജ വോട്ടർ ഐഡികൾ നിർമ്മിച്ചുവെന്ന അരവിന്ദ് കെജ്രിവാളിന്‍റെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബിജെപി ഉയർത്തുന്നത്. അശോക റോഡിലെ കെജ്രിവാളിന്റെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ പൂർവാഞ്ചൽ സമ്മാൻ എന്ന പേരിൽ മാർച്ച് നടത്തി.
ALSO READ; ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗം; നിർണായക ഇടപെടലുമായി സുപ്രീംകോടതി
ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എംപി മനോജ് തിവാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെയും പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർ, യുപി, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെ കെജ്രിവാൾ അപമാനിച്ചെന്നും ഇതിന് ഫെബ്രുവരി അഞ്ചിന് ജനങ്ങൾ മറുപടി നൽകുമെന്നും ബിജെപി പ്രതികരിച്ചു. മാത്രമല്ല കെജ്രിവാൾ പൂർവാഞ്ചലികളുടെ ശത്രുവെന്ന് എഴുതിയ പോസ്റ്ററും ബിജെപി പുറത്തിറക്കി.
അതേസമയം പൂർവാഞ്ചൽ വിഭാഗങ്ങളുടെ വോട്ടുകൾ ബിജെപി വെട്ടിക്കുറക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാണിച്ചു. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്നും 5500 പേരുകൾ വെട്ടി മാറ്റുന്നതിന് ബിജെപി അപേക്ഷ നൽകിയെന്നും കെജ്രിവാൾ ആരോപിച്ചു. ദില്ലിയിലെ ക്രമസമാധാന വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കെജ്രിവാൾ കടന്നാക്രമിച്ചു. ബിജെപിയും അമിത് ഷായും ചേർന്ന് ദില്ലി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പൂർവാഞ്ചലികളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ചതിനെയയും ആം ആദ്മി പാർട്ടി ചോദ്യം ചെയ്തു.
ALSO READ; ഷാഹി മസ്ജിദ് കിണര്‍; അനുമതിയില്ലാതെ നടപടി സ്വീകരിക്കരുത്, തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി
അതേസമയം ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കാനിരിക്കെ കടുത്ത പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. അതേസമയം തൃണമൂൽ കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും ദില്ലിയിൽ ആം ആദ്മി പാർട്ടിയെ പിന്തുണച്ചത് ഇന്ത്യ മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here