മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സിബിഐ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം.
ഇന്ന് അനുകൂലമായി വിധിയുണ്ടായാല്‍ കെജ്രിവാളിന് ജയില്‍ മോചിതനാകാനാവും. ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് സൂര്യകാന്ത് കേസ് പരിഗണിക്കും. കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇ ഡി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യനയക്കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ആഗസ്ത് അഞ്ചിന് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇഡി മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി.
ഇ ഡി കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ സിആര്‍പിസി 41 എ പ്രകാരം ചോദ്യംചെയ്യാന്‍ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകന്‍ മനു അഭിഷേക്സിങ്വി അന്ന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here