മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ദില്ലി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. യെമനിലേക്ക് പോകാന്‍ കുടുംബം നിരവധി തവണ കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. 20 മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിമിഷ പ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിക്കുന്നത്.
Also Read : ആന്ത്രാക്‌സ് രോഗ ഭീതിയില്‍ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
പ്രേമകുമാരിയുടെ യാത്രയെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സാമ്പത്തിക സഹായവും സുരക്ഷയും നല്‍കാന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് യാത്രയെ എതിര്‍ക്കുന്നതെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യപ്രസാദ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സ്വന്തം മകളുടെ മോചനത്തിനായി ഒരമ്മ അനുമതി ചോദിക്കുമ്പോള്‍ നിഷേധിക്കാനാവില്ലെന്നും കോടതി അറിയിച്ചു. പിന്നീട് സ്വന്തം നിലയില്‍ യെമനിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് യെമനിലേക്ക് യാത്രാവിലക്കുണ്ട്. അതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യെമനിലേക്ക് പോകാനുളള അനുമതിക്കായി നയതന്ത്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഡ്വ സുഭാഷ് ചന്ദ്രന്‍ മുഖേന നിമിഷയുടെ അമ്മ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Also Read : പ്രതിസന്ധിയിൽ നിന്ന് കരകയറി; കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ പരിഷ്‌കരണവുമായി ഓസ്ട്രേലിയ
നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തണം. ദയാധനം നല്‍കിയാല്‍ മാത്രമേ നിമിഷയുടെ വധശിക്ഷ ഒഴിവാക്കാനാകൂ. മാത്രമല്ല, വധശിക്ഷക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം യെമന്‍ സുപ്രീംകോടതി തളളുകയും ചെയ്തിരുന്നു. അതിനാല്‍ എത്രയും വേഗം യെമനിലെത്തി യെമന്‍ പൗരന്റെ ബന്ധുക്കളെ കാണാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയ്ക്കുകയും നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ നിമിഷയുടെ യാത്രയ്ക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here