നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി രാജ്യതലസ്ഥാനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ആം ആദ്മി പാർട്ടിയും -ബിജെപിയും -കോൺഗ്രസും പ്രചാരണം ശക്തമാക്കുകയാണ്. ആം ആദ്മി പാർട്ടിയെയും കെജ്‌രിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം. അതേസമയം വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആം ആദ്മി പാർട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നു.
Also read: ബെംഗളൂരുവിൽ രണ്ട് HMPV കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കുകയാണ് ബിജെപിയും ആം ആദ്മി പാർട്ടിയും. മൂന്നാം തവണയും അധികാരം നിലനിർത്താനുള്ള പ്രചാരണത്തിനു കെജ്‌രിവാളാണ് നേതൃത്വം നൽകുന്നത്. അതേസമയം കെജ്‌രിവാളിനെ കടന്നാക്രമിച്ചു കൊണ്ടാണ് ബിജെപി പ്രചാരണം ശക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കെജ്‌രിവാളിനെ ദുരന്തമെന്ന് ആവർത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികൾ നിരത്തിയാണ് കെജ്‌രിവാൾ മറുപടി നൽകിയത്. മാത്രമല്ല 30 മിനിറ്റ് പ്രസംഗിച്ച മോദി മുഴുവൻ സമയവും ദില്ലിയിലെ ജനങ്ങളെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണെന്നും പകരം ജനങ്ങൾക്ക് നൽകിയ പാലിക്കാത്ത വാഗ്ദാനങ്ങളെ കുറിച്ച് മോദി സംസാരിക്കാൻ തയ്യാറാകാത്തത് എന്തെന്നും കെജ്‌രിവാൾ പരിഹസിച്ചു.
Also read: കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും കടുത്ത വിമർശനങ്ങൾ കെജ്‌രിവാൾ ഉയർത്തി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് ദില്ലിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമോ എന്ന് കെജ്‌രിവാൾ ചോദിച്ചു. കൽക്കാജിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി രമേശ് ബിധുരിയുടെ പ്രിയങ്ക ഗാന്ധിക്കെതിരായ ലൈംഗിക അധിക്ഷേപ പരാമർശവും ആം ആദ്മി പാർട്ടിയും കോൺഗ്രസും ബിജെപിക്കെതിരെ ആയുധമാക്കുന്നുണ്ട്.
പ്രിയങ്ക ഗാന്ധിക്കെതിരായ അധിക്ഷേപത്തിന് പിന്നാലെ ബിധുരി മുഖ്യമന്ത്രി അതിഷിയെയും പരിഹസിച്ചിരുന്നു. മർലീന ആയിരുന്ന അതിഷി പിതാവിന്റെ പേര് പോലും മാറ്റി ഇപ്പോൾ സിംഗ് ആയെന്നായിരുന്നു ബിധുരിയുടെ പരാമർശം. ബിജെപി നേതാക്കൾ എല്ലാ പരിധിയും ലംഘിച്ചു കൊണ്ട് വ്യക്തിഹത്യ നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുഴുവൻ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 29 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപിയും 48 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസും പുറത്തു വിട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here