ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ദില്ലി. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ദില്ലിയിൽ ഇതിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകളിൽ ഉൾപ്പടെ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിവിധ സമ്മേളനസ്ഥലങ്ങളിലും എൻഎസ്ജി കമാൻഡോകളെയും ആർമി സ്നൈപ്പർ സംഘത്തെയും വിന്യസിക്കും.
എ ഐ കാമറകൾ, സോഫ്റ്റ്വേർ അലാറങ്ങൾ, ഡ്രോണുകൾ എന്നിവയിലൂടെ ഓരോ ചലനങ്ങളും നിരീക്ഷിക്കും.ഉച്ചകോടിക്ക് മുന്നോടിയായി റോഡുകൾ നവീകരിച്ചു. പാതയോരങ്ങളിൽ പൂച്ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.
അതേസമയം ലോകപ്രതിനിധികൾ കടന്ന് പോകാൻ സാധ്യതയുള്ള വഴിയിലെ ചേരികൾ നെറ്റ് ഉപയോഗിച്ച് മറച്ചു. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും ഇതിനായി പൊളിച്ചുമാറ്റി. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകളാണ് പൊളിച്ചുമാറ്റിയത്.
ജി20 ഈ മാസം ഒമ്പതിന് തുടങ്ങാനിരിക്കെ ദില്ലി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് സമീപത്തെ ചേരികളിലും വെളിയിൽ കാണുന്ന ഭാഗങ്ങൾ ഈ വിധം പരസ്യ ബോർഡുകൾ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. ഉച്ചകോടി അവസാനിച്ച് ലോകനേതാക്കൾ മടങ്ങിയതിന് ശേഷം മാത്രമേ ചേരികൾ മറച്ച നെറ്റുകൾ നീക്കം ചെയ്യൂ എന്നാണ് സൂചന.
Also Read: ‘നിലയ്ക്കാത്ത മഴയിലും കെടാത്ത കരുത്തുമായി പുതുപ്പള്ളി’; ജെയ്ക്കിന്റെ റോഡ് ഷോയ്ക്ക് മികച്ച സ്വീകരണം
ഉച്ചകോടി നടക്കുന്ന 9,10,11 ദിവസങ്ങളിൽ ഓട്ടോറിക്ഷകൾ പുറത്തിറക്കരുത് എന്നും കടകൾ തുറക്കരുതെന്നും നിർദേശമുണ്ട്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ദില്ലിയിൽ നിന്നുള്ള 300 ട്രെയിൻ സർവീസുകൾ ഇതിനോടകം റദ്ദാക്കുകയും 36 ട്രെയിനുകൾ ഭാഗിക സർവീസുകളായി മാറ്റുകയും ചെയ്തിട്ടുണ്ട്.
കുരങ്ങുശല്യം രൂക്ഷമായ ദില്ലിയിൽ ജി 20വേദികളായ പഞ്ച നക്ഷത്രഹോട്ടൽ പരിസരങ്ങളിൽ നിന്ന് ഇവയെ ഓടിക്കാൻ ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.അതുപോലെ ലംഗൂറുകളുടെ ശബ്ദം അനുകരിക്കുന്ന 40 പേരെ വിവിധ സ്ഥലങ്ങളിലായി ദില്ലി മുനിസിപ്പൽ കോർപറേഷൻ അധികൃതർ വിന്യസിച്ചിട്ടുണ്ട്.
also read:സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പദ്ധതി; സൗജന്യ പരിശീലനവുമായി കേരള പൊലീസ്
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദിയുടെ മുഹമ്മദ് ബിൻ സൽമാന്‍ , വ്ളാദ്മിർ പുടിൻ എന്നീ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവൻമാരും ഉച്ചകോടിയിൽ പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here