ദില്ലി മദ്യനയക്കേസ്; എഎപി മന്ത്രി കൈലാഷ് ഗെലോട്ടിന് ഇഡി നോട്ടീസ്

ആം ആദ്മി പാര്‍ട്ടിക്കെതിരെ കുരുക്ക് മുറുക്കി കേന്ദ്രസര്‍ക്കാര്‍. മദ്യനയക്കേസില്‍ എഎപി മന്ത്രി കൈലാഷ് ഗെലോട്ടിനും ഇഡി നോട്ടീസ്. ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം ജയിലില്‍ കഴിയുന്ന മുന്‍ എഎപി മന്ത്രി സത്യേന്ദ്ര ജയിനെതിരെ തട്ടിപ്പ് കേസ് പ്രതി നല്‍കിയ പരാതിയില്‍ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

ദില്ലി ആരോഗ്യവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ടിനാണ് ഇഡി നോട്ടീസയച്ചത്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രതിയായ വിജയ് നായരുമായുളള ബന്ധം സംബന്ധിച്ചുളള അന്വേഷണമാണ് ഇഡി നടപടിയെന്ന് സൂചന. ഗോവയിലെ തെരഞ്ഞെടുപ്പില്‍ മദ്യനയത്തിലൂടെ ലഭിച്ച ഹവാല പണം ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. കഴിഞ്ഞ ദിവസം ഗോവയി ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം ഗോവയിലെ എഎപി അധ്യക്ഷന്‍ അമിത് പലേക്കറിനെയടക്കം മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഇഡി നീക്കം ശക്തമാക്കുന്നതും. അതിനിടെ കളളപ്പണം ഇടപാട് കേസില്‍ ജയിലില്‍ കഴിയുന്ന എഎപി മുന്‍മന്ത്രി സത്യേന്ദ്ര ജയിനെതിരെ തട്ടിപ്പ് കേസ് പ്രതി നല്‍കിയ പരാതിയില്‍ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പുകേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സുകേഷ് ചന്ദ്രശേഖറിന് മികച്ച സൗകര്യങ്ങളൊരുക്കാന്‍ സത്യേന്ദ്ര ജയിന്‍ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ദില്ലിയിലെ തിഹാര്‍, രോഹിണി, മണ്ഡോലി ജയിലുകളില്‍ തനിക്ക് സൗകര്യമൊരുക്കാന്‍ പല തവണകളായി സത്യേന്ദ്ര ജയിന് പണം നല്‍കിയെന്ന തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖര്‍ പരാതി നല്‍കിയിരുന്നു.

2018നും 2021ഉം ഇടയില്‍ നടന്ന കേസിലാണ് സിബിഐ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിലവില്‍ മദ്യനയക്കേസില്‍ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ എന്നിവരും തിഹാര്‍ ജയിലിലുണ്ട്. അതേസമയം കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യ സുനിതയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിക്കുന്ന നടപടിയും ബിജെപി തുടരുകയാണ്. സുനിത മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടുതുടങ്ങിയെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു. റാബറി ദേവിയാണ് റോള്‍ മോഡലെന്നുമാണ് ബിജെപിയുടെ പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News