ദില്ലി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മെയ് 12 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ദില്ലി റോസ് അവന്യു കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയായിരുന്നു.

അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.സിസോദിയയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. അതേസമയം ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മദ്യ വ്യവസായി സമീര്‍ മഹേന്ദ്രുവിന്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന അപ്പീലും ദില്ലി ഹൈക്കോടതി തളളി.

മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി കഴിഞ്ഞ ദിവസം സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡെ, അമന്‍ദീപ് ധാല്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെടുത്തിയിരുന്നു. മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കേസില്‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്‌സൈസ് കമ്മീഷ്ണറായിരുന്ന ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

ഫെബ്രുവരി 26 നാണ് മദ്യനയ കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. നിലവില്‍ തിഹാര്‍ ജയിലിലാണ് മനീഷ് സിസോദിയ. നേരത്തെയും സിസോദിയ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി സിബിഐ കോടതി തളളിയിരുന്നു. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്തായിരുന്നു ദില്ലി റോസ് അവന്യൂ കോടതിയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News