കോൺഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിനായി എത്തുകയായിരുന്നു. പന്തം കൊളുത്തി പ്രതിഷേധത്തിനായാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്കെത്തിയത്. എന്നാല്‍, പന്തംകൊളുത്തി പ്രകടനം നടത്തിയാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു.
കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പ്രതിഷേധിച്ചു. പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. എം.പിമാരടക്കമുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും തങ്ങൾ പ്രതിഷേധം തുടരും എന്ന് ജെബി മേത്തർ എംപി പറഞ്ഞു
കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നു. അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണെന്ന് വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമ്പോൾ കോടതിയെ അപമാനിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം തുടരുമെന്ന് തന്നെയാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here