ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 എ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ വാഹനം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി അതിഷിക്കെതിരെ ദില്ലി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൽക്കാജി മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ അതേ ദിവസം തന്നെയാണ് അതിഷിക്കെതിരെ പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ച് എക്സില്‍ പോസ്റ്റുകൾ പങ്കുവെച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൌണ്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതായാണ് ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും ചിത്രങ്ങൾ ഉപയോഗിച്ചുള്ള വിവിധ ട്വീറ്റുകൾ പരാമർശിച്ച് ബിജെപി ദില്ലി ഓഫീസ് സെക്രട്ടറി ബ്രിജേഷ് റായ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, ബിജെപി നേതാക്കൾ പരസ്യമായി പണം വിതരണം ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും വ്യക്തമാക്കി.. ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് നേതാക്കൾ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here