ദില്ലിയിൽ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ദമ്പതികളുടെ മകൻ അർജുൻ ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മരണം സംഭവിച്ചപ്പോൾ താൻ വീടിന് പുറത്തായിരുന്നുവെന്നാണ് ഇയാൾ മുൻപ് പൊലീസിനോട് പറഞ്ഞിരുന്നത്.
ദമ്പതികളെയും സഹോദരിയെയും ഉറക്കത്തിനിടെയാണ് അർജുൻ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ തങ്ങളുടെ സ്വത്ത് മകൾക്ക് വിട്ടു നൽകാൻ തീരുമാനിച്ചതിൽ പ്രകോപിതനായിട്ടാണ് യുവാവ് കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഇയാൾ
കുറച്ചു കാലമായി കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായും മാതാപിതാക്കളുടെ വിവാഹവാർഷിക ദിനത്തിൽ തന്നെ കൊലപാതകം നടത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. നിലവിൽ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് തെക്കൻ ദില്ലിയിലെ നെബ് സരായിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.53കാരനായ രാജേഷ്, ഭാര്യ കോമൾ (47), ഇവരുടെ 23 കാരിയായ മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റായിരുന്നു മൂവരുടെയും മരണം.
തന്റെ മാതാപിതാക്കളെയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ഇരുപതുകാരനായ അർജുൻ ത്നന്നെയാണ് പൊലീസിനെ അറിയിച്ചത്. ഇതിന് മുൻപ് ബന്ധുക്കളെ അടക്കം ഇയാൾ വിവരം അറിയിച്ചിരുന്നു. താൻ രാവിലെ പ്രഭാത നടത്തത്തിന് പോയതിന് ശേഷം തിരികെ വന്നപ്പോൾ മാതാപിതാക്കളെയും സഹോദരിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും താൻ പുറത്ത് പോയതുകൊണ്ടാണ് കൊലപാതകത്തിൽ നിന്നും രക്ഷപ്പെട്ടതെന്നുമാണ് അർജുൻ പൊലീസിനോടടക്കം പറഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊലപാതകം നടന്ന സമയത്ത് വീട്ടിലേക്ക് പുറത്ത് നിന്നും ആരും വന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ അർജുന്റെ മൊഴിയിൽ ഉണ്ടായ പൊരുത്തക്കേടുകൾ വഴിയാണ് പൊലീസ് അന്വേഷണം പൂർണമായും അർജുനിലേക്കായത്. ഒടുവിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് ദില്ലിയെ നടുക്കിയ ട്രിപ്പിൾ കൊലപാതകത്തിൽ ട്വിസ്റ്റ് ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here