കുഴലപ്പം ഇഷ്ടമാണോ നിങ്ങള്‍ക്ക്? അതും നല്ല കറുമുറെ കഴിക്കാവുന്ന തനി നാടന്‍ കുഴലപ്പം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് തനി നാടന്‍ കുഴലപ്പം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ:
അരിപ്പൊടി – 400 ഗ്രാം
വെള്ളം – 2¼ കപ്പ്
ഉപ്പ് – ആവശ്യത്തിന്
ചിരകിയ തേങ്ങ – ½ കപ്പ്
ചുവന്നുള്ളി – 6 എണ്ണം
വെളുത്തുള്ളി – 4 എണ്ണം
ജീരകം – ½ ടീസ്പൂൺ
എള്ള് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – ഇലയിൽ തടവുന്നതിന്
ഓയിൽ – വറുക്കുന്നതിന്
തയാറാക്കുന്ന വിധം:
അരിപ്പൊടി 2-3 മിനിറ്റ് നേരം ചൂടാക്കിയെടുക്കുക. ഒരു സോസ്പാനിൽ വെള്ളം ഒഴിച്ച്, ആവശ്യമായ ഉപ്പ് ചേർത്ത് തിളപ്പിക്കുക. ചിരകിയ തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ മിക്സിയിൽ ഇട്ട് അരച്ചെടുക്കുക (പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കേണ്ടതില്ല).
ഇനി അരച്ചെടുത്ത മിശ്രിതം തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ചേർത്ത് രണ്ട് മിനിറ്റ് കൂടി തിളപ്പിക്കുക. അരിപ്പൊടിയിൽ ജീരകവും എള്ളും ചേർത്ത് ഇളക്കുക. ഇനി ചൂടുള്ള തേങ്ങ മിക്സ് വെള്ളം ചേർത്ത് ഒരു ചട്ടുകം ഉപയോഗിച്ച് വേഗത്തിൽ ഇളക്കി യോജിപ്പിച്ച് മാവാക്കിയെടുക്കുക
Also Read : മാത്യു കുഴല്‍നാടന് തിരിച്ചടി; എക്‌സാലോജിക് കമ്പനി നികുതി അടച്ചുവെന്ന് നികുതി വകുപ്പ്
ഇനി ചെറുചൂടോടെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം. ഇനി ഇത് മൂടി അരമണിക്കൂറോളം മാറ്റി വയ്ക്കുക, അരമണിക്കൂറിനു ശേഷം ഒന്നുകൂടെ കുഴച്ചെടുക്കാം.
ഇനി കുഴച്ചുവച്ച മാവിൽനിന്നും കുറച്ചു വീതം എടുത്ത് ചെറിയ സിലിണ്ടർ രൂപത്തിലാക്കി വയ്ക്കുക. മാവ് പരത്തുന്നതിനായി വാഴയിലയെടുത്ത് അതിൽ വെളിച്ചെണ്ണ തേയ്ക്കുക, ഓരോന്നും അധികം കനം കുറയ്ക്കാതെ പരത്തിയെടുക്കണം.
പരത്തിയ മാവിനെ ചെറിയ റോളിങ്ങ് പിൻ വച്ച് കുഴൽ പോലെ ഉരുട്ടിയെടുക്കുക, വാഴയിലയോടൊപ്പം തന്നെ ചേർത്ത് അരികുകൾ ഒട്ടിച്ചു കൊടുക്കുക. പിന്നീട് പതുക്കെ വിരലുകൾ വച്ച് അരികുകൾ നന്നായി ഒട്ടിച്ചു കൊടുക്കുക, ശ്രദ്ധിച്ച് റോളിങ്ങ് പിൻ കുഴലപ്പത്തിൽ നിന്നും ഊരിയെടുക്കുക.
Also Read : കാമുകന് വേണ്ടി ഒരു മാസത്തിനിടയില്‍ 35 കിലോ ഭാരം കൂട്ടി; പിന്നാലെ ലഭിച്ചത് ‘തേപ്പ്’
തയാറാക്കിയ കുഴലപ്പം ചൂടുള്ള എണ്ണയിൽ ഇടുക(വെളിച്ചെണ്ണയിൽ വറുത്താൽ രുചി കൂടും). കുഴലപ്പം എണ്ണയിലേക്ക് ഇടുന്ന നേരത്ത് എണ്ണ നല്ല ചൂടായിരിക്കുകയും അതുകഴിഞ്ഞു തീ മീഡിയത്തിലേക്കു മാറ്റുകയും വേണം. ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക, ഗോൾഡൻ നിറമായാൽ എണ്ണയിൽ നിന്നും കുഴലപ്പം കോരിയെടുക്കാം. കറുമുറെ കഴിക്കാന്‍ കുഴലപ്പം റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here