അമേരിക്കയിലെ ഫ്ലോറിഡയിൽ ഗർഭിണിയായ യുവതിയെ പതിനാലോളം തവണ കുത്തിപ്പരിക്കേല്പിച്ച ഡെലിവറി ചെയ്യാനെത്തിയ യുവതിയെ പോലീസ് പിടികൂടി. 2 ഡോളർ (170 രൂപ) ടിപ്പ് മാത്രമേ നൽകിയുള്ളൂ എന്നാരോപിച്ചാണ് പിസ ഡെലിവറി ചെയ്യാനെത്തിയ 22 കാരിയായ ബ്രിയാന്ന അൽവെലോ ഗർഭിണിയിയായ യുവതിയെ കത്തി കൊണ്ടാക്രമിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ഹോട്ടലിൽ ആഘോഷത്തിനെത്തിയ കുടുംബം പിസ ഓർഡർ ചെയ്തത്.
എന്നാൽ ടിപ് കിട്ടാത്തതിൽ കുപിതയായി ഹോട്ടൽ വിട്ട അൽവെലോ ഒരു കൂട്ടാളിയുമായി തിരിച്ചെത്തി ആക്രമണം നടത്തിയതായി ഓസ്ലിയോള കൗണ്ടി ഷെരീഫ് ഓഫീസ് റിപ്പോർട്ട് ചെയ്തു.
തിരികെ പോയ അൽവെലോ പിന്നീട് ഇരയുടെ മോട്ടൽ മുറിയിലേക്ക് ഒരു അജ്ഞാതനായ ഒരു പുരുഷനുമായി മടങ്ങിയെത്തി. ഇയാളുടെ കയ്യിൽ തോക്കും ഉണ്ടായിരുന്നു. കത്തിയുമായി വന്ന അൽവെലോ ഇരയെ ഒന്നിലധികം തവണ കുത്തുകയും മുറിക്കുള്ളിൽ നിന്ന് സാധനങ്ങൾ എടുത്തു കൊണ്ട് പോവുകയും ചെയ്തു – പൊലീസ് പറയുന്നു.
ആക്രമണം നടക്കുമ്പോൾ ഇരയ്‌ക്കൊപ്പം അവരുടെ ഭർത്താവും അഞ്ചു വയസുകാരിയായ മകളും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതികൾ ഇരച്ചുകയറിയപ്പോൾ ഇരയായ സ്ത്രീ തൻ്റെ ശരീരം കൊണ്ട് മറച്ച് കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. അതിനാൽ കൂടുതൽ മുറിവുകളും പിൻവശത്താണ് ഏറ്റിരിക്കുന്നത്. കുടുംബം സഹായത്തിനായി വിളിക്കാൻ ശ്രമിച്ചപ്പോൾ അവരുടെ ഫോൺ എറിഞ്ഞു തകർത്തതായും പോലീസ് പറഞ്ഞു.
നിലവിൽ അൽവെലോ മാത്രമാണ് പിടിയിലായിരിക്കുന്നത്. കൂട്ടാളിക്കായി തെരച്ചിൽ നടക്കുകയാണ്. കൊലപാതകശ്രമം, തോക്ക് ഉപയോഗിച്ച് വീട്ടിൽ അതിക്രമിച്ചു കയറൽ, ആക്രമണം, തട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് അൽവെലോക്ക് മേൽ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ, പിസ കമ്പനി നിരുപാധികം മാപ്പു പറയുകയും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here