കേന്ദ്ര സർക്കാരിൻ്റെ സെൻ്റർ ഓഫ് എക്സലൻസ് ആയി തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെൻ്റർ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തതായി മന്ത്രി വീണാ ജോർജ്. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മന്ത്രി കേരളത്തിലെ ആരോഗ്യരംഗത്തിന് വീണ്ടും കേന്ദ്രത്തിൻ്റെ അംഗീകാരം ലഭിച്ച വിവരം അറിയിച്ചത്.

മന്ത്രി വീണാ ജോർജിൻ്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ:

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെൻ്റർ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തു. രണ്ടു കോടി രൂപ ഓരോ വര്‍ഷവും ഇതിൻ്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിന് ലഭിക്കും. ഈ സര്‍ക്കാരിൻ്റെ തുടക്കകാലത്ത് 2021ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുന്നറിയിപ്പില്ലാത്ത സന്ദര്‍ശനമാണ് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെൻ്റിൻ്റെ പ്രവര്‍ത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്.

ALSO READ: ചീമേനി കൂട്ടക്കൊല നടത്തിയ കോൺഗ്രസ്സുകാർ ഇന്ന് മാധ്യമ സഹായത്തോടെ സമാധാനത്തിൻ്റെ വെള്ളരിപ്രാവായി വേഷമിടുന്നു; മുഖ്യമന്ത്രി

‘പഴയ കാഷ്വാലിറ്റി’ പ്രവര്‍ത്തിച്ചിരുന്ന അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. വെളിച്ചമില്ലാത്ത വരാന്തയില്‍ അഞ്ചും ആറും മണിക്കൂറുകള്‍ ചികിത്സയ്ക്കായി സ്ട്രെച്ചറില്‍ കാത്തു കിടക്കുന്ന രോഗികള്‍. പല ആശുപത്രികളില്‍ നിന്നും ഇസിജി വേരിയേഷന്‍ രേഖപ്പെടുത്തി വന്നവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഓരോ ഡോക്ടര്‍മാരുടെ ടേബിളിന് ചുറ്റും മുപ്പതും നാല്‍പതും രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന വലിയ ആള്‍ക്കൂട്ടങ്ങള്‍.

പതിനെട്ടും ഇരുപതും മണിക്കൂറുകള്‍ക്ക് ശേഷമാണ് സേവനം ലഭിച്ചതെന്ന് പലരും പരാതി പറഞ്ഞു. ശാസ്ത്രീയമായി അത്യാഹിത വിഭാഗം ചിട്ടപ്പെടുത്തി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങണം എന്ന തീവ്ര ശ്രമം അവിടെ നിന്നാണ് തുടങ്ങിയത്. പ്രത്യേക സമിതി രൂപീകരിച്ച് (ക്വാളിറ്റി ഇംപ്രൂവ്‌മെൻ്റ് ഇനിഷ്യേറ്റീവ്) സേവന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക മാര്‍ഗരേഖ തയാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഓരോന്നും നടത്തിയത്.

നിര്‍മാണം തുടങ്ങിയെങ്കിലും അത് നിലച്ചുപോയ കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് നൂതന എമര്‍ജന്‍സി മെഡിസിന്‍ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈന്‍ എന്നിവ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിൻ്റെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങി.

ALSO READ: കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിൻ്റെ മൊഴി നാളെ രേഖപ്പെടുത്തും

മെഡിക്കല്‍ കോളജില്‍ എല്ലാ തലത്തിലും സൂക്ഷ്മമായ ഇടപെടല്‍ വേണമെന്ന് കണ്ടതുകൊണ്ട് പുതിയ ഡിപ്പാര്‍ട്ട്‌മെൻ്റുകൾ, പുതിയ സംവിധാനങ്ങള്‍, ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചു. ഈ കാലയളവില്‍ ആദ്യമായി മെഡിക്കല്‍ കോളേജിനെ ദേശീയ റാങ്കിങ്ങില്‍ എത്തിക്കാനും സാധിച്ചു.

ഇതുകൂടാതെയാണ് ഇപ്പോള്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് സെൻ്റർ ഓഫ് എക്‌സലന്‍സ് എന്ന അംഗീകാരം കൂടി ലഭിച്ചത്. മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ 5 പ്രധാന ആശുപത്രികള്‍ക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൻ്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെൻ്റർ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുമ്പോള്‍ വളരെ സന്തോഷമുണ്ട്.

ഇതോടൊപ്പം 2021ല്‍ മെഡിക്കല്‍ കോളേജ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ച്ചിച്ചപ്പോഴുള്ള ഫോട്ടോയും ഇപ്പോഴത്തെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ ഫോട്ടോയും പങ്കുവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News