മുന്‍നിര ബാങ്കുകളുമായി മത്സരിക്കാന്‍ വാട്സ്ആപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്

കാലോചിതമായി മുന്നോട്ട് നീങ്ങാനുള്ള തീരുമാനവുമായി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പ് നല്‍കുന്ന നിരവധി സേവനങ്ങള്‍ക്ക് അടുത്തിടെയായി നിരവധി മാറ്റങ്ങളാണ് ഇതിന്റെ ഭാഗമായി വരുത്തിയത്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുകയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ്. വെള്ളിയാഴ്ച ദില്ലിയില്‍ വച്ചായിരുന്നു ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാട്സ്ആപ്പ് ബാങ്കിംഗ് സേവനത്തിന്റെ പ്രഖ്യാപനം നടന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് വഴി തന്നെ സേവനങ്ങള്‍ ലഭ്യമാകും. ഇതോടെ നിലവിലെ മറ്റേതൊരു മുന്‍നിര ബാങ്കിംഗ് സേവനദാതാക്കളുമായി നേരിട്ടു മത്സരിക്കാനുള്ള നീക്കമാണ് തപാല്‍ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അക്കൗണ്ട് ഓപ്പണിംഗ്, മണി ട്രാന്‍സ്ഫര്‍, യൂട്ടിലിറ്റി ബില്‍ പെയ്മെന്റ്, ലോണ്‍ റഫറല്‍ സര്‍വീസസ്, അക്കൗണ്ട് അനുബന്ധ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങി സേവനങ്ങളും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ എല്ലാ സേവനങ്ങളും വാട്സ്ആപ്പ് വഴി ഉപയോക്താവിന്റെ വിരല്‍ത്തുമ്പില്‍ എത്തും. അധികം വൈകാതെ സേവനം ഉപയോക്താക്കളിലേക്ക് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഐപിപിബി, എയര്‍ടെല്‍ ഐക്യൂ എന്നിവയും വാട്ട്‌സ്ആപ്പ് സൊല്യൂഷനിലേക്ക് ഒരു ലൈവ് ഇന്ററാക്ടീവ് കസ്റ്റമര്‍ സപ്പോര്‍ട്ട് ഏജന്റിനെ എത്തിക്കും. ഇത് ഉപഭോക്താക്കള്‍ക്ക് 24 x 7 പിന്തുണ നല്‍കും.

ഉപയോക്താക്കള്‍ക്ക് അവരുടെ പ്രാദേശിക ഭാക്ഷയില്‍ തന്നെ സേവനം ലഭ്യമാക്കുകയാണ് തപാല്‍ വകുപ്പിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവഴി നഗരങ്ങള്‍ക്കൊപ്പം ഗ്രാമപ്രാദേശങ്ങളിലെ ഉപയോക്താക്കള്‍ക്കും കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ചെറുപട്ടണങ്ങളിലും വന്‍നഗരങ്ങളിലുംബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 250 ദശലക്ഷം സന്ദേശങ്ങള്‍ എത്തിക്കുന്നതിനായി എയര്‍ടെല്‍ ഇതോടകം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടാതെ അടുത്തുള്ള പോസ്റ്റ് ഓഫീസ്, അവിടെ ലഭിക്കുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയും പുതിയ സംവിധാനം വഴി മനസിലാക്കാം. ഇന്ത്യാ പോസ്റ്റ് വാട്സ്ആപ്പ് ബാങ്കിംഗ് സൊല്യൂഷനില്‍ ഉടന്‍ തന്നെ ബഹുഭാഷാ പിന്തുണ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News