അക്ഷരങ്ങള്‍ കൊണ്ട് തലമുറകളെ ത്രസിപ്പിച്ച മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ വിടവാങ്ങലിൽ മൗനവിലാപത്തിലാണ് കേരളം. സാധാരണക്കാർ മുതൽ മലയാള സാഹിത്യം കണ്ട മഹാരഥന്മാർ വരെ എംടിയെന്ന രണ്ടക്ഷരത്തെ ഓർത്തെടുക്കുന്ന വേള കൂടിയാണിത്. ഈ അവസരത്തിലാണ്, ദേശാഭിമാനി ഫോട്ടോഗ്രാഫർ ശരത് കൽപാത്തി താൻ പകർത്തിയ അപൂർമായൊരു ‘എംടിപ്പടം’ ഹൃദയഹാരിയായ കുറിപ്പോടെ പങ്കുവച്ചത്. ജ്ഞാനപീഠം നേടിയ അക്കിത്തത്തെ ആദരിക്കാൻ എത്തിയ എംടി വാസുദേവൻ നായർ, ഉദ്‌ഘാടന ശേഷം അക്കിത്തത്തോട് യാത്ര പറയുന്നതാണ് ദേശാഭിമാനിക്ക് വേണ്ടി പകർത്തിയ ഈ ചിത്രം.
ഒരു ഫ്രെയിമിൽ രണ്ട് മഹാരഥന്മാരെയും ഒന്നിച്ചുകിട്ടിയത് അത്രമേൽ സന്തോഷം നിറഞ്ഞ നിമിഷമായിരുന്നെന്നും ശരത് കൽപാത്തി കുറിച്ചു. കാലമെഴുതിയ എംടിയും ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമെഴുതിയ അക്കിത്തവും അമരത്വം കൈവന്ന ഇതിഹാസങ്ങളായി നിറഞ്ഞു നിൽക്കുന്ന ചിത്രത്തിൽ നിരവധി പേരാണ് സ്മരണാജ്ഞലി അർപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എംടിയുടെ ഒരു ചിത്രമേ എടുത്തിട്ടുള്ളു. ജ്ഞാനപീഠം നേടിയ അക്കിത്തത്തെ ആദരിക്കാൻ 2020 ഫെബ്രുവരി 10ന് അദ്ദേഹം പഠിച്ച കുമരനല്ലൂർ സ്‌കൂളിൽ ‘അക്കിത്തം അച്യുതം’ പരിപാടിയുടെ ഉദ്‌ഘാടകനായി എത്തിയിരുന്നു എംടി . ഉദ്‌ഘാടന ശേഷം എംടി അക്കിത്തത്തോട് യാത്ര പറയുന്നതാണ് ആ ചിത്രം. അന്നത്തെ ആ ഫ്രെയിമിൽ രണ്ട് മഹാരഥന്മാരെയും ഒന്നിച്ചുകിട്ടിയത് അത്രമേൽ സന്തോഷമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here