വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തെരച്ചിൽ നടത്തുക. രാവിലെ ഏഴുമണിക്കു മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തെരച്ചിൽ ഉച്ചയ്ക്കു രണ്ടുമണിക്കു പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തെരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തെരച്ചിലിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.
വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തെരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങൾ തെരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തെരച്ചിൽ നടത്തും.
Also Read: വിലങ്ങാട് ഉരുൾപൊട്ടൽ; സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്
ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ട്. നൂറോളം വീടുകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. ഇതിനായി 14 ക്യാമ്പുകളിലായി 18 സംഘങ്ങൾ സർവേ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഏതുപഞ്ചായത്തിൽ താമസിക്കണമെന്നതു ക്യാമ്പിൽ കഴിയുന്നവർക്കു തെരഞ്ഞെടുക്കാം. ദുരന്തത്തെത്തുടർന്ന് ബന്ധുക്കൾ ആരുമില്ലാതെ ഒറ്റയ്ക്കായി പോയവരെ തനിച്ചുതാമസിപ്പിക്കുകയില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷകർത്താവായി നിയോഗിച്ചുകൊണ്ടായിരിക്കും ഇവരുടെ പുനരധിവാസം. വാടകവീടുകളിലേക്കു മാറുമ്പോൾ ഫർണിച്ചർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാനസൗകര്യ കിറ്റ് സജ്ജമാക്കും. എന്തെല്ലാം ഇതിൽ ഉൾപ്പെടുമെന്ന് ആളുകളെ അറിയിക്കും.
ഞായറാഴ്ച നടന്ന ജനകീയതെരച്ചലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ പങ്കെടുത്തു. തെരച്ചിലിൽ കാന്തൻപാറ വനത്തിനുള്ളിൽനിന്നു മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മനുഷ്യശരീരമാണോ എന്നു വ്യക്തമാകൂ. അട്ടമലയിൽനിന്ന് അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭാഗമാണോ എന്നു പരിശോധിക്കും.
Also Read: സൗദിയിലെ അൽ ബാഹക്ക് സമീപം വാഹനാപകടം ; മരിച്ച നാലുപേരിൽ ഒരാൾ മലയാളി
ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡി.എൻ.എ. പരിശോധന ഉടൻ പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാകാര്യങ്ങളും ചെയ്തുവെന്നാണ് വിവിധ സേനാവിഭാഗങ്ങൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘ്രശീയും പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here