തൃശൂര്‍-കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ, കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍ റോഡ് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയസഭയില്‍ വ്യക്തമാക്കി. എ സി മൊയ്തീന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.23 കി.മീ ദൈര്‍ഘ്യമുള്ള തൃശൂര്‍-കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസിപ്പിക്കുന്നതിന് 316.82 കോടി രൂപയാണ് അനുവദിച്ചത്. കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് 2021 സെപ്റ്റംബര്‍ 9ന് പദ്ധതി കൈമാറി. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കാനോ പുരോഗതി ഉണ്ടാക്കാനോ കരാറുകാര്‍ക്ക് സാധിച്ചില്ല. 21.02 % പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചത്. അവലോകനയോഗങ്ങള്‍ നടത്തിയെങ്കിലും പദ്ധതിക്ക് വേഗത നല്‍കാന്‍ കരാറുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ 2024 ജനുവരി 31നകം പദ്ധതിയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ തുടര്‍ച്ചയായി പദ്ധതിയില്‍നിന്നും കരാറുകാരെ നീക്കി.
പ്രവൃത്തി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ശേഷിക്കുന്ന പ്രവൃത്തികളുടെ പരിശോധന പുരോഗമിക്കുകയാണ്. പദ്ധതി റീടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാരന് കൈമാറുന്ന കാലയളവില്‍ റോഡ് ഗതാഗത യോഗ്യമാക്കി നിലനിര്‍ത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 29 ലക്ഷം രൂപയുടെ മഴക്കാല പൂര്‍വ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി. പുതിയ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി വേഗത്തില്‍ നടത്താനുള്ള ഇടപെടലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള 34.35 കി.മീ റോഡ് റോഡ് നവീകരിക്കുന്നതാണ് കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ പദ്ധതി. പ്രവൃത്തി ആരംഭിച്ചെങ്കിലും 13.55 കി.മീ പേവ്‌മെന്റ് കോണ്‍ക്രീറ്റ് ആണ് ഇതുവരെ നിര്‍മ്മിക്കാന്‍ കഴിഞ്ഞത്. നിലവില്‍ പാലക്കല്‍ സെന്ററില്‍ 250 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. റോഡിലെ കുഴികള്‍ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ രണ്ട് റോഡുകളുടെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here