ചോർന്നൊലിക്കുന്ന പഴയ ഓടിട്ട കെട്ടിടത്തിൽ നിന്നും സ്മാർട്ട് ക്ലാസ്സ് റൂമിലേക്കുള്ള മാറ്റത്തിന് തെളിവാണ് ചേലക്കര നിയോജക മണ്ഡലത്തിലെ ആറ്റൂർ ഗവൺമെൻ്റ് യു പി സ്കൂൾ. ചേലക്കരയുടെ ജനപ്രതിനിധി ആയിരുന്ന കെ രാധാകൃഷ്ണൻ്റെ ശ്രമഫലമായാണ് ആറ്റൂർ സ്കൂളിന് പുതിയ കെട്ടിടം സ്വന്തമായത്.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2.56 കോടി രൂപ ചിലവഴിച്ചാണ് ആറ്റൂർ ഗവ.യു.പി സ്കൂളിനായി പുതിയ കെട്ടിടം നിർമ്മിച്ചത്. ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് ഒന്നേകാൽ വർഷം മുമ്പാണ് ഇവിടത്തെ വിദ്യാർഥികളെ സർക്കാർ കൈപിടിച്ചു കയറ്റിയത്. പുതിയ സ്കൂൾ കെട്ടിടത്തിൽ മികച്ച സൗകര്യങ്ങളാണ് ഉള്ളതെന്നും നന്നായി പഠിക്കാൻ കഴിയുന്ന ക്ലാസ് മുറികൾ കിട്ടിയതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എയ്ഞ്ചൽ റോസ് പറഞ്ഞു.
പഴയ സ്കൂൾ കെട്ടിടത്തിൽ വളരെ ബുദ്ധിമുട്ടിയാണ് കുട്ടികൾ പഠിച്ചിരുന്നതെന്നും മനസ്സിനു വളരെയധികം സന്തോഷമുള്ള അവസ്ഥയിലാണ് അവരെന്നും പിടിഎ പ്രസിഡൻ്റ് മുജീബ് റഹ്മാൻ പറഞ്ഞു. വന്യമൃഗ ശല്യം ഉണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശ്വാസമായിട്ടുണ്ടെന്ന് പിടിഎ വൈസ് പ്രസിഡണ്ട് ടി എ സുരേഷ് പറഞ്ഞു.
36 ചതുരശ്ര മീറ്റർ വലുപ്പമുള്ള 14 ക്ലാസ് മുറികളും, ഒരു സ്റ്റേജും, മൂന്നു ടോയ്ലറ്റുകളും ഉൾപ്പെടെ 3 നിലകളിലായി 9000 സ്ക്വയർ ഫീറ്റിൽ അധികം വരുന്ന കെട്ടിടവും അസംബ്ലി നടത്തുന്നതിനായി മേൽക്കൂരയിട്ട മുറ്റവും സ്കൂളിനു സ്വന്തമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here