മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ആസാദ് മൈതാനിയിൽ വൈകിട്ട് 5 നാണ് സത്യപ്രതിജ്ഞ. എൻസിപിയുടെ അജിത് പവാർ, ഏകനാഥ് ഷിൻഡെ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്രയുടെ 18 മത് മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്നാവിസ്. കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് ഏക്‌നാഥ് ഷിൻഡെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒരാഴ്ച നീണ്ട അനശ്ചിതാവസ്ഥക്ക് പരിഹാരമായിരുന്നു.
Also Read; സൂര്യനെ പഠിക്കാൻ ദൗത്യം ; പ്രോബ-3 വിക്ഷേപണം വിജയകരം
അതേസമയം, ദില്ലിയിൽ നടന്ന വകുപ്പ് ചർച്ചകൾക്ക് ശേഷം മുംബൈയിലേക്ക് മടങ്ങാതെ ഷിൻഡെ ജന്മനാട്ടിലേക്ക് പോയിരുന്നു. പെട്ടെന്നുള്ള യാത്ര അഭ്യൂഹങ്ങൾ ഉയർത്തി. മുംബൈയിലെ നിർണായ യോഗങ്ങൾ റദ്ദാക്കിയായിരുന്നു ഷിൻഡെയുടെ ആസൂത്രിതമല്ലാത്ത യാത്ര. തുടർന്നും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷിൻഡെ യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചും അജിത് പവാറുമായി വകുപ്പ് ചർച്ചകൾ നടത്തിയും ബിജെപി മുന്നോട്ട് പോയി.
Also Read; ‘നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ കേന്ദ്രം വ്യക്തമായ മറുപടി പറയണം’: മന്ത്രി കെ രാജൻ
ഈ നീക്കം ഷിൻഡെ പക്ഷത്ത് മന്ത്രിക്കുപ്പായം തുന്നി തയ്യാറായിരിക്കുന്ന എംഎൽഎമാരിലും അലോസരമുണ്ടാക്കാൻ തുടങ്ങിയതോടെ ഷിൻഡെ നിലപാടിൽ അയവ് വരുത്തി. മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ ശക്തമായിരിക്കുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി മുബൈയിലെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here