ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി എ.രാജയുടെ വിജയമാണ് കോടതി റദ്ദാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജക്ക് യോഗ്യതയില്ലെന്ന എതിർ സ്ഥാനാർത്ഥിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഡി. കുമാറാണ് ഹർജി നൽകിയത്.
സംവരണ സീറ്റായ ദേവികുളത്ത് സംവരണ വിഭാഗക്കാരനല്ലാത്തയാളാണ് മത്സരിച്ചതും വിജയിച്ചതും എന്നായിരുന്നു ഹർജിക്കാരന്റെ വാദം. അതിനാൽ ദേവികുളത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എ രാജ എസ് സി വിഭാഗത്തിൽപ്പെട്ട ആളല്ലെന്നും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ വാദിച്ചു . മാട്ടുപ്പെട്ടിയിലെ ക്രിസ്ത്യൻ പള്ളിയിൽ മാമോദിസ സ്വീകരിച്ച മാതാപിതാക്കളുടെ മകനാണ് രാജ എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. രാജയും ഭാര്യ ഷൈനിയും ക്രിസ്തീയ വിശ്വാസികളാണെന്നും തെറ്റായ രേഖകൾ കാണിച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജിയിലെ വാദങ്ങളിൽ പ്രാഥമികമായ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സിംഗിൾ ബെഞ്ച് ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. 2021ലെ തെരഞ്ഞെടുപ്പിൽ 7847 വോട്ടുകൾക്കാണ് എ. രാജ വിജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here