പമ്പയിൽ നിന്നും നാളെ വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും

sabarimala

പത്തനംതിട്ട : ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്‌തി കുറിച്ച് 20ന് നട അടയ്ക്കും. ദർശനം നാളെ രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽ നിന്നും വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥസഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐപിഎസ് പറഞ്ഞു.

ഡിസംബർ 30ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ വകുപ്പുകൾ, അയ്യപ്പഭക്തർ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയിൽ സീസൺ സമാപിക്കാൻ കാരണമായത്.

Also Read: ഭക്തരുടെ നിറഞ്ഞ സംതൃപ്തിയോടെയാണ് ഇത്തവണ തീർത്ഥാടനകാലം സമാപിക്കുന്നത്: ശബരിമല മേൽശാന്തി

പൊലീസിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു, അതിനോട് ദേവസ്വം ബോർഡ് അധികൃതർ തീർത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവർത്തിച്ചു. അതിലെ പൽചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പോലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാൻ. എല്ലാവർക്കും നന്ദി പറയുന്നതായും പോലീസ് കോർഡിനേറ്റർ അറിയിച്ചു.

പോലീസ് സേവനങ്ങൾ അതേപടി പുറംലോകത്തെ അറിയിച്ച മാധ്യമങ്ങൾ ചെയ്തത് വലിയ കാര്യമാണ്, സുഗമമായ ദർശനം ഉറപ്പാക്കാൻ പോലീസ് പറഞ്ഞതൊക്കെയും സംസ്ഥാനത്തിനു പുറത്തുള്ള ഭക്തരിലേക്കും മാധ്യമങ്ങൾ എത്തിച്ചു. ജ്യോതി ദർശനം കഴിഞ്ഞ് എത്രയും വേഗം വീടുകളിലെത്താൻ ഭക്തർ ശ്രമിക്കണമെന്ന പൊലീസിന്റെ ഏറ്റവും ഒടുവിലെ അഭ്യർത്ഥനയും അവർ ഉൾക്കൊണ്ടു, അതിനാൽതന്നെ ഭക്തരുടെ തിരിച്ചുള്ള യാത്ര തിരക്കില്ലാതെ നിയന്ത്രിക്കാനും പോലീസിന് സാധിച്ചു.

Also Read: ഡിഫറന്‍റ് ആര്‍ട് സെന്‍റർ മാതൃകയെ പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്‍ററി കമ്മിറ്റി അംഗങ്ങള്‍

ശബരിമലയിൽ സുഖദർശനത്തിനായി സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയപ്രദമായി നടപ്പിലാക്കാൻ പോലീസിന് സാധിച്ചു. ശബരിമലയിലേക്ക് എത്തിയ എല്ലാവരും ശരിയായ വിധത്തിൽ അവ ഉൾക്കൊണ്ട് കൃത്യമായി പാലിക്കുകയും ചെയ്തതുകൊണ്ടുകൂടിയാണ് മികച്ച നിലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം സമാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News