സഞ്ജുവില്ല, ധോണി തന്നെ നായകന്‍, ശ്രീശാന്തിന്റെ ഡ്രീം ഐ പി എല്‍ ടീമിതാ

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ അഞ്ചാം കിരീട നേട്ടത്തോടെ ഈ വര്‍ഷത്തെ ഐ പി എല്‍ സീസണ്‍ അവസാനിച്ചെങ്കിലും ഡ്രീം ടീം പ്രഖ്യാപനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മലയാളിയായ മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്താണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച പ്ലേയിങ്ങ് ഇലവനെ പ്രഖ്യാപിച്ചത്. ശ്രീശാന്ത് തെരഞ്ഞെടുത്ത മികച്ച ടീമിന്റെ ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകന്‍ മഹേന്ദ്ര സിങ് ധോണി തന്നെയാണ്. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായിരുന്ന സഞ്ജു സാസണ്‍ ശ്രീശാന്തിന്റെ പ്ലേയിങ്ങ് ഇലവനിലില്ല. ഒരേയൊരു വിദേശ താരം മാത്രമാണ് ശ്രീശാന്തിന്റെ ടീമില്‍ ഇടം പിടിച്ചത്. ഒരു ടെലിവിഷന്‍ ചാറ്റ്‌ഷോയിലാണ് ശ്രീശാന്ത് തന്റെ ഇഷ്ട ടീമിനെ പ്രഖ്യാപിച്ചത്.

ഐ പി എല്ലില്‍ കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത യശസ്വി ജയ്‌സ്വാളുമാണ് ശ്രീശാന്തിന്റെ ടീമിലെയും ഓപ്പണര്‍മാര്‍. നിര്‍ണായകമായ മൂന്നാം നമ്പറില്‍ ബാറ്റേന്തെണ്ടത് വിരാട് കോലിയാണ്. നാലാം നമ്പറില്‍ ഇത്തവണ സര്‍പ്രൈസ് ബാറ്റിങ്ങ് മികവുകാട്ടിയ ചെന്നൈയുടെ അജിങ്ക്യ രഹാനെ.

മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ അഞ്ചാം സ്ഥാനക്കാരനാക്കിയപ്പോള്‍ ഫിനിഷര്‍ റോളില്‍ ആറാം സ്ഥാനത്ത് ശിവം ദുബെയോ അല്ലെങ്കില്‍ റിങ്കു സിങ്ങോ ഉണ്ടാകണം. ശ്രീശാന്തിന്റെ ഡ്രീം ഇലവനിലെ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ കൂള്‍ ധോണി തന്നെ.

ബൗളര്‍മാരായി രണ്ടു പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ശ്രീശാന്തിന്റെ ടീമിലുണ്ടാവുക. വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് ഷമി, ഗുജറാത്തിന്റെ നിര്‍ണായക താരം റാഷിദ് ഖാന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചഹല്‍, ബംഗളൂര്‍ റോയല്‍സിന്റെ മുഹമ്മദ് സിറാജ് എന്നിവരാണത്. റാഷിദ് ഖാന്‍ മാത്രമാണ് ശ്രീശാന്തിന്റെ ടീമില്‍ ഇടം നേടിയ ഏക വിദേശ താരം. ഇത്തവണ വിദേശ താരങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഇന്ത്യന്‍ താരങ്ങളാണെന്ന് ശ്രീശാന്ത് വിലയിരുത്തുന്നു.

ശ്രീശാന്തിന്റെ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ/റിങ്കു സിങ്, എം.എസ്. ധോണി (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News