കുടുംബത്തിലെ കഥകൾ മുഴുവൻ അഭിമുഖങ്ങളിലും മറ്റ് വേദികളിലും രസകരമായി പങ്കുവെക്കുന്നത് കൊണ്ട് തന്നെ ധ്യാൻ ശ്രീനിവാസൻ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ അച്ഛൻ ആദ്യമായി തന്നെ ചീത്ത പറഞ്ഞതും, ജേഷ്ഠൻ വിനീത് ജീവിതത്തിലെ വില്ലനായി തോന്നിയതുമായ സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ധ്യാൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ധ്യാനിന്റെ തുറന്നു പറച്ചിൽ.
ശ്രീനിവാസനുമായി വഴക്കിടാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്
നീ എത്ര കൾട്ട് ക്ലാസിക്ക് സിനികൾ കണ്ടിട്ടുണ്ട്? നിനക്ക് വിഖ്യാതരായ എഴുത്തുകാരെ കുറിച്ച് അറിയാമോ..? ഒരു പുസ്തകമെങ്കിലും തുറന്ന് വായിച്ചിട്ടുണ്ടോ ഇഡിയറ്റ്? എന്നൊക്കെയാണ് അച്ഛൻ അന്ന് എന്നോട് ചോദിച്ചത്. ശരിയാണ് ഞാൻ ഒരു പുസ്തകവും വായിച്ചിട്ടില്ല. വിഖ്യാതമായ എഴുത്തുകാരെ കുറിച്ച് എനിക്ക് അറിയില്ല. എനിക്കൊന്നും അറിയില്ലായിരുന്നു.
അതൊന്നും ശീലിച്ചിരുന്നില്ല. അച്ഛൻ എന്നെ ഏറ്റവും കൂടുതൽ ശീലിപ്പിക്കാൻ നോക്കിയ ഒരു കാര്യം വായനയാണ്. അതോടൊപ്പം പത്ര വായനയും. അങ്ങനെ ഞാൻ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് പത്രമാണ്. പക്ഷെ പുസ്തക വായനാശീലം ഇല്ല. പക്ഷെ ഈ ശീലമെല്ലാമുള്ള മറ്റൊരുത്തൻ വീട്ടിലുണ്ട് ഏട്ടൻ. അതാണ് ഏറ്റവും വലിയ പ്രശ്നം. ഏട്ടൻ ജീവിതത്തിലെ വില്ലനാകുന്നത് അവിടെയാണ്. മറ്റെയാൾ വായിക്കുന്നു ഇവൻ വായിക്കുന്നില്ലെന്ന രീതിയിൽ സംസാരമായി. വായനയില്ലാത്തതും കൾട്ട് ക്ലാസിക്ക് സിനിമ കാണാത്തതുമാണ് എന്നെ അച്ഛൻ സിനിമയിലേക്ക് കൊണ്ടുവരാതിരുന്നതിന്റെ കാരണം. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ ഞാൻ ഓക്കെയായിരുന്നു.
ശേഷം ഞാൻ വീട് വിട്ടിറങ്ങി. ഭാര്യ അർപ്പിതയെ വിളിച്ച് വീട് വിട്ടിറങ്ങുന്ന കാര്യം പറഞ്ഞു. അന്ന് എന്റെ കയ്യിൽ ഒന്നിനും പൈസയുണ്ടായിരുന്നില്ല. വീട് വിട്ട് പോകാമെന്ന് തീരുമാനം എടുക്കരുതെന്ന് അന്ന് ഭാര്യ എന്നോട് പറഞ്ഞു. പക്ഷെ പിറ്റേദിവസം രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. ശേഷം ബാറിൽ കയറി മദ്യപിച്ച് അമ്മയെ ഫോൺ വിളിച്ചു. അമ്മ കരച്ചിലായിരുന്നു.
ഞാൻ ഇനി വീട്ടിലേക്ക് ഇല്ലെന്ന് അമ്മയോട് പറഞ്ഞു. അത്രയും വർഷത്തിനിടെ അച്ഛൻ എന്നെ ചീത്തവിളിച്ചിരുന്നില്ല. ആദ്യമായി എന്നെ അച്ഛൻ ചീത്തവിളിച്ചു. അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ ഇനി വീട്ടിലേക്ക് അമ്മയോട് പറഞ്ഞു. അപ്പോഴേക്കും അച്ഛൻ ഫോൺ വാങ്ങി. ഫോൺ എടുത്ത അച്ഛനോട് ഞാൻ പറഞ്ഞു… നിങ്ങൾ ഒരുപാട് പുസ്തകം വായിച്ചിട്ടുണ്ടാകും. എന്റെ അമ്മ അവിടെ ഇരുന്ന് കരയുന്നുണ്ട്.
നിങ്ങൾ വായിച്ച പുസ്തകം വെച്ച് എന്റെ അമ്മയുടെ കരച്ചിൽ നിർത്തിതരുമോയെന്ന് ഞാൻ അച്ഛനോട് ചോദിച്ചു. ഒരാൾ വായനയിലൂടെ നേടുന്നത് കമ്യൂണിക്കേഷൻ സ്കിൽസ്, ഫോക്കസ്, ലേണിങ് മുതലായവയാണ്. വായനയിലൂടെ ഇമോഷണൽ റെസിലിയൻസ് ഉണ്ടാകും. കാരണം അതും ഇതും എല്ലാം കണക്ടാണ്. പക്ഷെ അന്ന് ആ സംഭവം നടന്നപ്പോൾ എന്റെ അച്ഛന് സഹിഷ്ണുതയില്ലേയെന്ന് ഞാൻ ചിന്തിച്ചുപോയി’, എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ശ്രീനിവാസനെപ്പോലെ തന്നെ തഗ് ഡയലോഗുകൾ പറയുന്നതിനും തുറന്ന സംസാരിക്കുന്ന കാര്യത്തിലും ധ്യാൻ ഒരുപടി മുന്നിലാണ്. അതുകൊണ്ട് തന്നെയാണ് ധ്യാനിന്റെ അഭിമുഖങ്ങൾ എത്രയാവർത്തി കാണാനും ആളുകൾ തയ്യാറാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here