വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം ഇപ്പോള്‍ പറയുന്നതില്‍ എന്ത് പ്രസക്തി, ശ്രീനിവാസന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ധ്യാന്‍

മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളുടെ അലയൊലി അവസാനിക്കുന്നില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന് അത് പറയേണ്ട കാര്യമില്ലെന്നായിരുന്നു ധ്യാനിന്റെ അഭിപ്രായം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം പറയുന്നതില്‍ എന്താണ് പ്രസക്തിയെന്നും ധ്യാന്‍ ചോദിച്ചു. ശ്രീനിവാസന്‍ കാരണം അന്നത്തെ ഒരു ദിവസം സ്‌പോയില്‍ ആയി പോയെന്നും ധ്യാന്‍ തുറന്നു പറയുന്നുണ്ട്. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം.

മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് എല്ലാം തുറന്നെഴുതുമെന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്.

ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്

‘അച്ഛന്‍ ലാല്‍ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാല്‍ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്‌പോയ്ല്‍ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മള്‍ അത്രയും ഇഷ്ടപ്പെടുന്ന രണ്ട് ആളുകള്‍. അതില്‍ ഒരാള്‍ അങ്ങനെ പറയുന്ന സമയത്ത് കേള്‍ക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയില്‍ പോയപ്പോള്‍ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയര്‍ ചെയ്‌തൊരാളാണ് ഞാന്‍. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയര്‍ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോള്‍ അത് സത്യമോ അസത്യമോ ആകട്ടെ /അച്ഛന്‍ കള്ളം പറയാറില്ല/. അത് ഇപ്പോള്‍ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.

നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകളെ പറ്റി അത് എന്തും ആയിക്കോട്ടെ. നല്ലത് പറയാന്‍ വേണ്ടി വായ തുറക്കാം. ഹിപ്പോക്രസി എന്നാല്‍ കാപട്യം എന്നാണ് അര്‍ത്ഥം. ഈ ലോകത്തിലെ എല്ലാവരും കാപട്യം ഉള്ളവരാണ്. നമ്മള്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം അതല്ലേ. തെരഞ്ഞെടുപ്പ് സമയത്ത് നമ്മളോട് വന്ന് പറയുന്ന കാര്യങ്ങളെല്ലാം അവര്‍ ചെയ്യുന്നുണ്ടോ. പണ്ടപ്പോഴോ പറഞ്ഞൊരു കാര്യം, അതും അച്ഛനോട് ലാല്‍ സാര്‍ വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍ക്കിപ്പുറം വന്നിരുന്നിട്ട് /സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം അവര്‍ക്കിടയില്‍ വിള്ളലുണ്ടായിട്ടുണ്ടെന്ന് നമുക്ക് അറിയാം/ ഇങ്ങനെ പറയുമ്പോള്‍ പറഞ്ഞ ആളെക്കാളും കേട്ട ലാല്‍ സാറിനെക്കാളും വിഷമം നമ്മളെ പോലുള്ള മലയാളികള്‍ക്കാണ്. ഇവരുടെ സൗഹൃദം അറിയുന്നത് കൊണ്ടാണത്. എന്തായാലും അച്ഛന്‍ കാരണം എന്റെ അന്നത്തെ ദിവസം പോയി. അതില്‍ യാതൊരു മാറ്റവും ഇല്ല. ചിലപ്പോള്‍ അവര്‍ ഒരുമിച്ചൊരു സിനിമ ഇനി ഉണ്ടാകാം. അത് ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യം ഇപ്പോള്‍ പറയുന്നതില്‍ എന്ത് പ്രസക്തി.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News