യുവതിയെ കൊന്ന് മൃതദേഹം 59 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ വഴിത്തിരിവ്; നിര്‍ണായക കണ്ടെത്തല്‍

ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 59 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതി മുക്തി രഞ്ജനെ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് മഹാലക്ഷ്മിയെ കൊന്ന വിവരം പ്രതി മുക്തി രഞ്ജന്‍ റോയ് തന്റെ അമ്മയോട് പറഞ്ഞിരുന്നു. പ്രതിയുടെ ഡയറിയും പൊലീസ് കണ്ടെത്തി. മഹാലക്ഷ്മി സാമ്പത്തികമായി ചൂഷണം ചെയ്തെന്നും കൊല്ലാന്‍ നോക്കിയെന്നും പ്രതി ഡയറിയില്‍ കുറിച്ചിട്ടുണ്ട്.

പൊട്ടിക്കരഞ്ഞുകൊണ്ട് കൊലപാതകത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ അമ്മയോട് പറഞ്ഞു. അന്ന് രാത്രി വീട്ടില്‍ കഴിഞ്ഞ മുക്തി രഞ്ജന്‍ അച്ഛന്റെ സ്‌കൂട്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നു.

കൊലപാതകത്തേക്കുറിച്ചും കൊലചെയ്യാനുണ്ടായ കാരണങ്ങളും പ്രതി ഡയറിയില്‍ കുറിച്ചിട്ടുണ്ട്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ സെപ്റ്റംബര്‍ മൂന്നിന് തന്നെയാണ് പ്രതി ഡയറി എഴുതി തുടങ്ങിയത്. ഒഡീഷയിലും ഇംഗ്ലീഷിലുമായാണ് ഡയറി എഴുതിയിരിക്കുന്നത്.

Also Read : മിനിട്ടുകള്‍ക്കുള്ളില്‍ ഇഞ്ചിഞ്ചായി മരിക്കാം, ബട്ടണ്‍ അമര്‍ത്തിയാല്‍ അറയില്‍ നൈട്രജന്‍ നിറയും; വിവാദമായി സാര്‍ക്കോ സൂയിസൈഡ് പോഡ്

മഹാലക്ഷ്മിയെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ അവര്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നുമാണ് മുക്തി രഞ്ജന്‍ പറയുന്നത്. യുവതി തന്നെ കൊല്ലാന്‍ നോക്കിയതുകൊണ്ടാണ് കൊല നടത്തേണ്ടി വന്നതെന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. കൊല നടത്തിയതിനു പിന്നാലെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് അവസരം ലഭിച്ചില്ല.

മഹാലക്ഷ്മി മകനെ ചൂഷണം ചെയ്തെന്നും അത് അവനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു എന്നുമാണ് അമ്മ പറയുന്നത്. മകന്റെ സ്വര്‍ണ മാലയും മോതിരവും വരെ മഹാലക്ഷ്മി കൈക്കലാക്കിയെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തേക്കുറിച്ച് ബന്ധുവിനോടും മുക്തി രഞ്ജന്‍ വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ടതിനു പിന്നാലെയാണ് ഫോണ്‍ വിളിച്ച് വിവരം പറയുന്നത്. സംഭവം നടന്ന ദിവസം മഹാലക്ഷ്മി കത്തി മുനയില്‍ നിര്‍ത്തി മുക്തി രഞ്ജനേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് മഹാലക്ഷ്മിയെ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് കറിക്കത്തികൊണ്ടാണ് മൃതദേഹം 59 കഷ്ണമാക്കി. മഹാലക്ഷ്മിക്കു വേണ്ടി എട്ട് ലക്ഷത്തോളം രൂപ ചെലവാക്കിയെന്നും അവള്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും പറഞ്ഞു.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് യുവതിയെ താന്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പരാതികൊടുത്തിരുന്നതായും ബന്ധുവിനോട് മുക്തി രഞ്ജന്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷമാണ് മുക്തി രഞ്ജന്‍ തന്റെ നാടായ ഒഡിഷയിലെ ധസൂരിയിലേക്ക് മടങ്ങിയെത്തുന്നത്.

രണ്ട് ദിവസം മുന്‍പാണ് മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റില്‍ നിന്നും കണ്ടെത്തിയത്. അപ്പാര്‍ട്മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.

മഹാലക്ഷ്മിയുടെ സഹപ്രവര്‍ത്തകനും ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായിരുന്നു മുക്തി രഞ്ജന്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് ഇയാള്‍ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്.

മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ കേസില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിയിടത്തിലെത്തിയപ്പോഴാണ് മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News