സമ്മതിദാനാവകാശം നേരിട്ടനുഭവിച്ചറിഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍. ഇന്നലെ നടന്ന പ്രതീകാത്മക തെരഞ്ഞെടുപ്പിലൂടെയാണ് സമ്മതിദാനാവകാശം ഡിഫറന്റ് ആര്‍ട് സെന്ററിലെ അംഗങ്ങള്‍ അനുഭവിച്ചറിഞ്ഞത്. ചൂണ്ടുവിരലില്‍ മഷിപുരട്ടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത്, ആഹ്ലാദാരവത്തോടെയാണ് പോളിംഗ് ബൂത്തില്‍ നിന്ന് മുന്നൂറിലധികം ഭിന്നശേഷിക്കാര്‍ പുറത്തുവന്നത്.
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തെരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിനും വോട്ടിംഗ് സംവിധാനം മനസിലാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായാണ് പ്രതീകാത്മക തെരഞ്ഞെടുപ്പ് നടത്തിയത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ സഹകരണത്തോടെ ഡിഫറന്റ് ആര്‍ട് സെന്ററിലാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പിന്റെ ഗൗരവസ്വഭാവം കൈവിടാതെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടേഴ്സ് സ്ലിപ്പുമായി പോളിംഗ് ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറുടെ നിര്‍ദേശപ്രകാരം രജിസ്റ്ററില്‍ ഒപ്പിട്ട് ചൂണ്ടുവിരലില്‍ മഷിപുരട്ടിയ ശേഷമാണ് ഓരോരുത്തരും വോട്ട് ചെയ്തത്. ബൂത്ത് ഏജന്റുമാരായി അമൃത എസ്, ലിസാന്‍, അമല്‍ ബി എന്നീ ഭിന്നശേഷിക്കാരും പോളിംഗ് ഓഫീസര്‍മാരായി സെന്ററിലെ അധ്യാപകരായ ബിന്ദു, ഗോപിക, കാര്‍ത്തിക് എന്നിവരുമുണ്ടായിരുന്നു. മേരിക്കുട്ടിയായിരുന്നു വരണാധികാരി. വോട്ട് ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് പ്രോക്സി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടായിരുന്നു. ദീപക് ബെന്നി, അരുണിമ പി.എസ്, അപര്‍ണ സുരേഷ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും ഹസ്ന എന്‍, അഭിനന്ദ് എ, അഭിരാജ് എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുമാണ് മത്സരിച്ചത്. നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാണ് മത്സരരംഗത്തേയ്ക്ക് ഇവര്‍ വന്നത്.
also read- കൊല്ലം, പാലക്കാട് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം
എംപവര്‍ ഡെമോക്രസി പാര്‍ട്ടി പട്ടം ചിഹ്നത്തിലും പ്രോഗ്രസീവ് വിഷന്‍ ലീഗ് പാര്‍ട്ടി നക്ഷത്രം ചിഹ്നത്തിലും എബിലിറ്റി അച്ചീവേഴ്‌സ് കോണ്‍ഗ്രസ് പാര്‍ട്ടി ചിത്രശലഭം ചിഹ്നത്തിലുമാണ് മത്സരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാനാര്‍ത്ഥികളുടെ പ്രകടനവും പ്രചാരണവും കൊട്ടിക്കലാശവുമൊക്കെ തെരഞ്ഞെടുപ്പിന്റെ അതേ ഗൗരവസ്വഭാവത്തില്‍ തന്നെ ഇവിടെ നടന്നിരുന്നു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here