പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരനെതിരെ കൃത്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരാതിക്കാരനും സുധാകരനും ഒപ്പമുണ്ടായിരുന്ന ചിത്രവും ബാങ്ക് രേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസയച്ചു.
2018 നവംബര്‍ 22നാണ് പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് 25 ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കലിന് കൊച്ചിയിലെ വീട്ടില്‍ വച്ച് കൈമാറിയത്. പണം കൈമാറുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്ന് പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. മോന്‍സനില്‍ നിന്നും സുധാകരന്‍ പത്ത് ലക്ഷം രൂപ വാങ്ങിയതിന് ദൃക്സാക്ഷിയാണെന്നും പരാതിക്കാരന്റെ മൊഴിയുണ്ട്.
Also Read : സ്ത്രീകള്‍ കുളിക്കുന്നത് ഫോണില്‍ പകര്‍ത്തി 12കാരന്‍, ചോദ്യംചെയ്യലില്‍ പുറത്തുവന്നത് പ്രകൃതി വിരുദ്ധ പീഡനം
ഇവയുടെ ഡിജിറ്റല്‍ തെളിവുകളാണ് യഥാര്‍ത്ഥ ഡിവൈസില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ചിത്രം പുറത്തുവരുന്നതുവരെ ഇക്കാര്യവും സുധാകരന്‍ നിഷേധിച്ചിരുന്നു. അന്നേദിവസം എംഐ ഷാനവാസിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എന്നായിരുന്നു സുധാകരന്റെ വാദം. എന്നാല്‍ ചിത്രം അടക്കം പുറത്തുവന്നതോടെ സുധാകരന്‍ വെട്ടിലായി. മാത്രമല്ല പണം കൈമാറിയതിന്റെ ബാങ്ക് രേഖകളടക്കം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
സുധാകരനെയും മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. 25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മോന്‍സന്റെ വാഗ്ദാനം. എന്നാല്‍ അനൂപില്‍ നിന്നും പണം കൈപ്പറ്റിയ മോന്‍സന്‍ 10 ലക്ഷം രൂപ മാത്രമാണ് സുധാകരന് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. വ്യക്തമായ തെളിവുകളും സാക്ഷിമൊഴികളും സുധാകരനെതിരെ ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. അതിനിടെ സിആര്‍പിസി 41 എ പ്രകാരം സുധാകരന് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല.
സാവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഈ മാസം 23ന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കി. സുധാകരനെ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി, വിശദാംശങ്ങള്‍, മറ്റ് കണ്ണികള്‍ എന്നിവ വ്യക്തമാകൂവെന്ന നിലപാടിലാണ് അന്വേഷണസംഘം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here