എല്ലാ മലയാളി പ്രേക്ഷകര്‍ക്കുമുള്ള ഒരു സംശയമാണ് മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യം. ഇപ്പോഴിതാ ആ സംശയത്തിനും മറുപടി ലഭിച്ചിരിക്കുന്നു. സംവിധായകന്‍ ഫാസിലാണ് ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിനാണ് ഫാസില്‍ മറുപടി നല്‍കിയത്. ക്ലാസ്സിക്കായിപ്പോയ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നത് ശരിയല്ലെന്നായിരുന്നു ഫാസിലിന്റെ മറുപടി.
ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് വേദിയില്‍ ശോഭനയുടെയും മോഹന്‍ലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ഫാസിലിന്റെ മറുപടി.
‘1980ലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ആവുന്നത്. നാല്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആലപ്പുഴയില്‍ ഈ സിനിമയുടെ ഓഡിഷന്(അന്ന് ഈ ഓഡിഷന്‍ എന്നുള്ള പേരൊന്നും അറിയില്ല) ചെന്നു. അവര്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് തിരിച്ച് പോയി. സിനിമയില്‍ വരുമെന്ന് പ്രതീക്ഷിച്ച ഒരാളല്ല ഞാന്‍. അന്ന് പാച്ചിക്ക ഓക്കെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഈ സ്റ്റേജില്‍ നിന്നുകൊണ്ട് ഇങ്ങനെ സംസാരിക്കാന്‍ മോഹന്‍ലാല്‍ എന്നൊരാള്‍ ഉണ്ടാകില്ലായിരുന്നു. അതില്‍ ഒരുപാട് സന്തോഷം, ഒരുപാട് ബഹുമാനം, ഒരുപാട് പ്രാര്‍ത്ഥന,’ മോഹന്‍ലാല്‍ പറഞ്ഞു.
തുടര്‍ന്നായിരുന്നു മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഇനി ഉണ്ടാകുമോ എന്ന് വേദിയില്‍ വെച്ച് മോഹന്‍ലാല്‍ സംവിധായകന്‍ ഫാസിലിനോട് ചോദിച്ചത്.
‘ഒരു കാര്യം കൂടി ചോദിക്കാനുണ്ട് അതിപ്പോഴേ ചോദിച്ചേക്കാം. ഞാനും ശോഭനയും കൂടി ഇവിടെ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു നാഗവല്ലിയും ഡോക്ടര്‍ സണ്ണിയും മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവിടെ നില്‍ക്കുന്നു എന്ന്. പാച്ചിക്ക, ഒരുപാട് പേര്‍ ചോദിക്കുന്നു ഈ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന്. ശോഭനയും ചോദിച്ചു,’എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
‘അത് ഞാന്‍ അറിയാതെ ക്ലാസ്സിക്കായിപ്പോയ ഒരു പടമാണ്. ക്ലാസ്സിക്കായിപോയ പടം രണ്ടാമത് ഉണ്ടാക്കുന്നത് ശരിയല്ല. ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെച്ചിട്ട് ഒരു മുപ്പത് വയസ്സ് കുറച്ചിട്ട് നമുക്ക് എപ്പോഴെങ്കിലും ചെയ്യാം, ഏതെങ്കിലും വിധത്തില്‍,’ഫാസില്‍ മറുപടി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here