മലകണ്ടിറങ്ങുമ്പോൾ കാൽ വഴുതി ഡാമിൽ വീണു, അച്ഛന്റെ പ്രതീക്ഷകൾ ജലത്തിൽ മുങ്ങി ഇല്ലാതായി, എന്റെ വീട് മരണവീടായി: ഷാജി കൈലാസ്

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ് ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച ധാരാളം സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കുറച്ചു സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും കൂട്ടത്തിലൊരാള്‍ അവിടെയുള്ള ഗുണ കേവ്‌സില്‍ വീണുപോവുകയും, തുടർന്ന് അവനെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന സാഹസികമായ പ്രവർത്തനങ്ങളുമാണ് സിനിമ പറയുന്നത്. ഇത് കുറച്ചു ചെറുപ്പക്കാരുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്.

ALSO READ: അരുത്, പൊതുയിടത്തില്‍ സുഹൃത്തിനെ തെറിപറഞ്ഞ് പരിഹാസ്യനാവരുത് ; മനസിനെ നിയന്ത്രിക്കാന്‍ ഇതാ 4 വ‍ഴികള്‍…

ഇപ്പോഴിതാ സിനിമ കണ്ട് സംവിധായകൻ ഷാജി കൈലാസ് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മഞ്ഞുമ്മൽ ബോയ്‌സിന് സംഭവിച്ച അതെ ദുരന്തം തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്നും, തന്റെ അനിയന് അത്തരത്തിൽ ഒരു അപകടം നടന്നിട്ടുണ്ടെന്നുമാണ് ഷാജി കൈലാസ് സിനിമ കണ്ട് പറഞ്ഞത്.

ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം

കാണാവുന്ന സാഹിത്യമെന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാൽ എം.ടി സാറാണ്. സിനിമകൾക്കും ചേരും ഈ വിശേഷണം. കാണാവുന്ന സാഹിത്യം മാത്രമല്ല കാണാവുന്ന ജീവിതം കൂടിയാണ് സിനിമ. പെടപെടയ്ക്കുന്ന ആ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. പ്രേക്ഷക ലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്.

വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ്. ഒരു ദിവസം അച്ഛനെ തേടി കുറച്ച് സുഹൃത്തുക്കൾ വീട്ടിൽ വന്നു. അവർ അച്ഛനെ മാറ്റിനിർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. തിടുക്കത്തിൽ അച്ഛൻ അവരോടൊപ്പം പോകുന്നതും ഞാൻ കാണുന്നു. എനിക്കൊന്നും മനസിലായില്ല. കുറച്ച് കഴിഞ്ഞപ്പോൾ വീട്ടുമുറ്റത്ത് ചെറിയ ഒരു ആൾക്കൂട്ടം രൂപപ്പെട്ടു. അത് പതുക്കെ വലുതാവാൻ തുടങ്ങി.

ALSO READ: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്

രാത്രിയാവുമ്പോഴേക്കും മുറ്റം നിറയെ ആളുകളായി മാറിയിരുന്നു. എല്ലാവരും നിശ്ശബ്ദരായിട്ട് നിൽക്കുന്നു. എങ്ങും കനപ്പെട്ട മൂകത മാത്രം. വൈകിയാണ് അച്ഛൻ തിരിച്ചെത്തിയത്. അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അച്ഛൻ കരയുന്നത് ഞാനാദ്യം കാണുകയാണ്. എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

പിന്നീടാണ് വിവരങ്ങൾ ഞാൻ മനസിലാക്കുന്നത്. കൂട്ടുകാർക്കൊപ്പം ടൂറുപോയ എന്റെ ജ്യേഷ്ഠൻ… അഗസ്ത്യാർകൂടത്തിലേക്കായിരുന്നു അവർ പോയത്. മലകണ്ട് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി ഡാമിലേക്ക് വീണു. ജ്യേഷ്ഠനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കൾ ശ്രമിച്ചു. കഴിഞ്ഞില്ല. അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തിൽ മുങ്ങി ഇല്ലാതായത്. എന്റെ വീട് പെട്ടെന്നൊരു മരണവീടായി മാറി.

സ്വന്തം കൂടെപ്പിറപ്പുകളെ നഷ്ടപ്പെടുന്നവരുടെ വേദന എത്ര വലുതാണെന്ന് അത് അനുഭവിച്ചവർക്കെ അറിയൂ. മഞ്ഞുമ്മൽ ബോയ്സ് ആ വേദനയുടെ ആഴം ഒരിക്കൽ കൂടി എന്നെ അനുഭവിപ്പിച്ചു. സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്ന് മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇതൊരു സിനിമയാണല്ലോയെന്ന് പ്രേക്ഷകർ മറന്നു പോകുന്നത്.’

അവർക്കിത് അവരവരുടെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരേടിൽ സംഭവിച്ച നേർ അനുഭവത്തിന്റെ നേർകാഴ്ചയാണ്. ആ കാഴ്ചയ്ക്കാണ് പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്. ഞാനും ആ കൂട്ടത്തിലുണ്ട്. ഞാൻ കയ്യടിക്കുമ്പോൾ അതിൽ കണ്ണീരും കലരുന്നുവെന്ന് മാത്രം. മഞ്ഞുമ്മൽ ബോയ്സിലെ കൂട്ടുകാർക്ക് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ പറ്റി.

അതുപോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ… ഏട്ടന്റെ കൂട്ടുകാർ അന്ന് പരമാവധി ശ്രമിച്ചതാണ്. എന്നിട്ടും കഴിഞ്ഞില്ല ഭാഗ്യം തുണച്ചില്ല. ഈ സിനിമ കണ്ടപ്പോൾ ഞാൻ ആ ദിവസങ്ങൾ വീണ്ടും ഓർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News