കോഴിക്കോട് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി. പാർട്ടി ഭാരവാഹികളടക്കം ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ 7 പേരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു. ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചെന്ന കാരണം പറഞ്ഞാണ് നടപടി. കോൺഗ്രസ് ഭരണത്തിലുള്ള ചേവായൂർ സർവീസ് സഹകരണ ബാങ്കുമായുള്ള DCC ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് അച്ചടക്ക നടപടി. DCC അംഗം കെ.പി. പുഷ്പരാജന്‍, മാങ്കാവ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ, സുഭാഷ് ചന്ദ്രൻ, തോട്ടത്തില്‍ മോഹന്‍ദാസ് തുടങ്ങി പാർട്ടി നേതാക്കളടക്കം 7 ബാങ്ക് ഡയറക്ടർമാരെയാണ് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻ്റ് ചെയ്തത്. പി. സദാനന്ദന്‍ മാസ്റ്റര്‍, ടി. രാജി, പ്രമീള ബാലഗോപാല്‍, സ്വര്‍ണലത എന്നിവരാണ് നടപടി നേരിട്ട മറ്റ് ഡയറക്ടർമാർ.
ലോകസഭാ തെരഞ്ഞെടുപ്പ് സമയം എൽഡിഎഫ് സ്ഥാനാര്‍ഥിയുമായി ഇവർ രഹസ്യമായി യോഗം ചേർന്നെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരണത്തിലുള്ള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം സിപിഎമ്മിൻ്റെ കൈകളില്‍ എത്തിക്കുന്നതിന് ഇടപാടുകാരല്ലാത്തവർക്ക് അംഗത്വം നല്‍കി ബാങ്കിൻ്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്നും DCC നേതൃത്വം പറയുന്നു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കുവാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബാങ്ക് പ്രസിഡൻ്റായ ജി.സി. പ്രശാന്തിനെതിരെ മുമ്പ് നടപടി എടുത്തിരുന്നു. ഡയറക്ടർമാർ പ്രശാന്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. എന്നാൽ ജില്ലാ നേതൃത്വത്തിൻ്റെ നിലപാടിനെതിരെ പ്രതിഷേധമുള്ളവരും DCC യിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here