കശ്മീരിലെ ദാല്‍ തടാകത്തില്‍ നിന്നും കണ്ടെത്തിയത് അപകടകാരിയായ മത്സ്യത്തെ

ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ദാല്‍ തടാകത്തില്‍ വടക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിധ്യം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലേക്ക് കണ്‍സര്‍വേഷന്‍ ആന്റ് മാനേജ്മെന്റ് അതോറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴാണ് മത്സ്യത്തെ കണ്ടെത്തിയത്.

അലിഗേറ്റര്‍ ഗാര്‍ എന്നറിയപ്പെടുന്ന ഇത്തരത്തിലുള്ള മത്സ്യത്തെ ആദ്യമായിട്ടാണ് കാണുന്നത്. അതൊരു പുതിയ അനുഭവമായിരുന്നു. മുതലയുടെ വായയോട് സാമ്യമുള്ളതിനാല്‍ ഇത്തരമൊരു മത്സ്യത്തെ ആരും ഇവിടെ കണ്ടിട്ടില്ല. ആളുകള്‍ സ്തംഭിച്ചുപോയി-എല്‍സിഎംഎ ഇന്‍ ചാര്‍ജ് മസൂദ് അഹമ്മദ് പറഞ്ഞു.

മത്സ്യത്തിന്റെ സാന്നിധ്യം തടാകത്തെയും അതിന്റെ ആവാസവ്യവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന് ഫിഷറീസ് വകുപ്പുമായും ഷേര്‍ ഇ കശ്മീര്‍ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുമായും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തെ കണ്ടെത്തിയതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകര്‍ രംഗത്ത് എത്തി. കൂര്‍ത്ത തലയും കുറുകിയ വാലുമുള്ള മത്സ്യത്തെ ആദ്യം തിരിച്ചറിയാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞില്ല. അപൂര്‍വ്വ മത്സ്യമാണെന്ന് കരുതിയായിരുന്നു ഇവര്‍ ഇതിനെ പിടികൂടിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഇത് ചീങ്കണ്ണി മത്സ്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

വടക്കന്‍ അമേരിക്കയിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണാന്‍ സാധിക്കുക. ഭോപ്പാല്‍, കേരളം എന്നിവിടങ്ങളിലെ ചില നദികളിലും നേരത്തെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മത്സ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ചീങ്കണ്ണി മത്സ്യങ്ങള്‍ എന്ന് എല്‍സിഎംഎ ഗവേഷകന്‍ ഡോ. ഷഫീഖ് പീര്‍ പറഞ്ഞു.

ദാല്‍ തടാകത്തില്‍ മുക്കി മത്സ്യം എങ്ങനെ എത്തി കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതില്‍ ആശങ്കയുണ്ട്. ഇവ നദിയില്‍ വളര്‍ന്നാല്‍ നമ്മുടെ മത്സ്യങ്ങളുടെ അവസ്ഥ എന്താകും? ചെറു മത്സ്യങ്ങളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. മത്സ്യങ്ങള്‍ക്ക് മാത്രമല്ല കടല്‍ ജീവികള്‍ക്കും ഇവ സര്‍വ്വനാശം വരുത്തും. മത്സ്യത്തെ കണ്ടെത്തിയതിന് പിന്നാലെ തടാകത്തില്‍ തിരച്ചില്‍ നടത്തി. കൂടുതല്‍ മത്സ്യങ്ങള്‍ ഉണ്ടോയെന്നകാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആരോ മനപ്പൂര്‍വ്വം മീനിനെ കൊണ്ടിട്ടുവെന്നാണ് കരുതുന്നതെന്നും പീര്‍ വ്യക്തമാക്കി.

കണ്ടെത്തലിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബ്ദുള്‍ മജീദ് തക് പറഞ്ഞു. പ്രത്യക്ഷത്തില്‍, ഇത് കശ്മീരില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അലിഗേറ്റര്‍ മത്സ്യമാണ്. ഇത് ഒരു മുതലയോട് സാമ്യമുള്ളതിനാല്‍ ക്യാറ്റ്ഫിഷ് കുടുംബത്തിന് കീഴില്‍ വര്‍ഗ്ഗീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തടാകത്തില്‍ ഇനിയും ഇത്തരം മത്സ്യങ്ങള്‍ ഉണ്ടോയെന്നും ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അബ്ദുള്‍ മജീദ് പറഞ്ഞു. ഇത് ആരുടെയെങ്കിലും തമാശ ആകാം. ഞങ്ങളുടെ വകുപ്പ് അത്തരം മത്സ്യങ്ങളെ വളര്‍ത്തുകയോ സംഭരിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News