സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർണായകയോഗം കൊച്ചിയിൽ നടന്നു. കെ റെയിൽ എം ഡി യും ദക്ഷിണറെയിൽവേ അധികൃതരും പങ്കെടുത്ത പ്രാഥമിക ചർച്ചയാണ് നടന്നത്. ചർച്ചകൾ തുടരുമെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ DPR ൽ മാറ്റം വരുത്തണമെന്ന് കേന്ദ്രസർക്കാരും ദക്ഷിണ റെയിൽവേയും ആവശ്യപ്പെട്ടതിനെ തുടർന്നാണ് കെ റെയിൽ അധികൃതരും റെയിൽവെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയത്. എറണാകുളത്തെ ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കെ റെയിൽ എം ഡി വി അജിത് കുമാർ , സതേൺ റെയിൽവെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജൻ സ്കറിയ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടു.
Also Read: എലത്തൂരിലെ ഇന്ധന ചോർച്ച; അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടർ
ചർച്ച പോസീറ്റിവായിരുന്നുവെന്നും തുടർ ചർച്ചകൾ ഉണ്ടാകുമെന്നും കെ റെയിൽ എം ഡി വി അജിത് കുമാർ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നേരത്തേ തയ്യാറാക്കിയിട്ടുള്ള DPR ൽ വലിയ മാറ്റങ്ങളാണ് റെയിൽവേ നിർദ്ദേശിച്ചിട്ടുള്ളത്. സിൽവർ ലൈൻ പദ്ധതിയെ റെയിൽവേയുടെ നാഷണൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണം, നിലവിൽ സ്റ്റാൻ്റേർഡ് ഗേജ് വിഭാഗത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സിൽവർ ലൈൻ പാത ബ്രോഡ് ഗേജ് റെയിൽ ആക്കി മാറ്റണം എന്നിവയാണ് പ്രധാന നിർദേശം.
ഇതുകൂടാതെ സിൽവർ ലൈൻ പാതയെ നിലവിലുള്ള റെയിൽവേ ലൈനുമായി ബന്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. നദികൾക്കു കുറുകെയുള്ള പാലങ്ങളും റെയിൽവേ മേൽപാലങ്ങളും ഇന്ത്യൻ റെയിൽവേയുടെ റൂൾസ് പ്രകാരം ആയിരിക്കണം എന്നാണ് മറ്റൊരു നിർദ്ദേശം. അതേസമയം സ്റ്റാൻ്റേർഡ് ഗേജിൽ വിഭാവനം ചെയ്ത പദ്ധതി ബ്രോഡ് ഗേജിലേക്ക് മാറ്റാനുള്ള നിർദ്ദേശം സിൽവർ ലൈൻ പദ്ധതിയെ തന്നെ റെയിൽവേയുടെ ഭാഗമാക്കി മാറ്റാനുള്ള നീക്കമാണോ എന്നും സംശയിക്കുന്നുണ്ട്. എന്നാൽ സിൽവർ ലൈൻ പദ്ധതിയെ എതിർത്തിരുന്ന കേന്ദ്രസർക്കാരും ദക്ഷിണ റെയിൽവേയും ചർച്ചയ്ക്ക് തയ്യാറായി എന്നതാണ് പുതിയ സാഹചര്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here